
പൊന്നാനി: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി പൂർണമായി തള്ളി, കേരളത്തിൽ അതിവേഗ റെയിൽപാതയ്ക്ക് ഡിപിആർ (വിശദ പദ്ധതിരേഖ) തയാറാക്കാൻ റെയിൽവേ മന്ത്രാലയം ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്റെ നേതൃത്വത്തിലാകും പ്രവർത്തനങ്ങൾ. ഇതിനായി ഡിഎംആർസിയുടെ ഓഫിസ് പൊന്നാനിയിൽ തുടങ്ങാൻ ഒരുക്കങ്ങളായി.
തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 430 കിലോമീറ്റർ നീളത്തിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗം ഉറപ്പാക്കാൻ കഴിയുന്ന തരത്തിൽ അതിവേഗപാത നിർമിക്കുകയാണ് ലക്ഷ്യം.
9 മാസത്തിനകം ഡിപിആർ പൂർത്തിയാക്കാമെന്ന് ഇ.ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജനജീവിതത്തെ പരമാവധി ബാധിക്കാത്ത തരത്തിൽ മേൽപാതയും തുരങ്കവും ഉപയോഗിച്ചുള്ളതാകും പാത.
മുൻപും ഡിപിആർ
സംസ്ഥാന സർക്കാരിന്റെ ആവശ്യ പ്രകാരം 2009ൽ ഇ.ശ്രീധരന്റെ നേതൃത്വത്തിൽ അതിവേഗ പാതയ്ക്കായി ഡിപിആർ തയാറാക്കി തുടങ്ങിയിരുന്നു. ഇതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയായിരിക്കും പുതിയ പദ്ധതി.
നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകൾക്ക് മുൻഗണന നൽകാനും ആലോചനയുണ്ട്. ആദ്യ ഡിപിആറിനെ അവഗണിച്ചാണ് സംസ്ഥാന സർക്കാർ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടു പോയത്.
അധികമായി ഭൂമി ഏറ്റെടുക്കേണ്ടതിനാലും ജനജീവിതത്തെ കാര്യമായി ബാധിക്കുന്നതിനാലും സിൽവർ ലൈൻ പദ്ധതി പ്രായോഗികമാകില്ലെന്ന് ഇ.ശ്രീധരൻ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു.






