
ന്യൂഡൽഹി: കൽക്കരിയിതര ഖനന പദ്ധതികൾക്കായി പാരിസ്ഥിതികാനുമതിക്ക് അപേക്ഷിക്കുന്നതിനുമുൻപ് സ്ഥലമേറ്റെടുക്കൽ രേഖകളോ ബന്ധപ്പെട്ട ഭൂവുടമകളുടെ അനുമതിപത്രമോ ഹാജരാക്കേണ്ടെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. തീരത്തും കരയിലും നടക്കുന്ന വിവിധഖനനങ്ങൾ, ദേശീയപാതാ നിർമാണം മുതലായവയ്ക്കെല്ലാം ഇത് ബാധകമാകും.
പദ്ധതികൾക്ക് വേഗംകൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണിതെന്നാണ് വിശദീകരണം. നിലവിൽ ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കിയശേഷംമാത്രമേ പാരിസ്ഥിതികാനുമതിക്ക് അപേക്ഷിക്കാൻ സാധിക്കുമായിരുന്നുള്ളൂ. ഇതിലാണ് മാറ്റം.
പാരിസ്ഥിതികാഘാതം കൂട്ടുന്ന നിർദേശമാണ് മന്ത്രാലയത്തിന്റേതെന്നാണ് ആശങ്ക.
പ്രദേശത്തിന്റെ മുഴുവൻ ഭൂമിശാസ്ത്രപരമായ സവിശേഷതയും മനസ്സിലാക്കാതെ പാരിസ്ഥിതികാനുമതി നൽകി ഖനനപ്രവൃത്തികളിലേർപ്പെടുന്നത് പരിസ്ഥിതിസംരക്ഷണത്തെ അപകടത്തിലാക്കും. 2014-ൽ മന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമറാൻഡത്തിൽ മാറ്റംവരുത്തിയാണ് ഡിസംബർ 18-ലെ പുതിയ വിജ്ഞാപനം.
ഇളവുകൾ മൂന്നുതരം
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, പവിഴപ്പുറ്റുകൾ, മറ്റ് പരിസ്ഥിതിലോല മേഖലകൾ എന്നിവയോടു ചേർന്ന് ധാതുഖനനം, കൽക്കരി, ലിഗ്നൈറ്റ് പോലുള്ള അയിരുകളുടെ ഖനനമാലിന്യ പൈപ്പ്‌ലൈൻ സ്ഥാപിക്കൽ, ദേശീയപാതാ നിർമാണം
കരയിലും തീരങ്ങളിലുമുള്ള എണ്ണ, വാതക പര്യവേക്ഷണം, വികസനം
ദേശീയോദ്യാനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, മറ്റു പരിസ്ഥിതിലോലപ്രദേശങ്ങൾ എന്നിവയോട് ചേർന്ന് എണ്ണ, വാതക പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ
2014-ലെ വ്യവസ്ഥ
ഭൂമിയേറ്റെടുക്കലിന് സംസ്ഥാനസർക്കാർ പ്രാഥമിക വിജ്ഞാപനമിറക്കണം
വിശ്വസനീയരേഖകളും ഭൂവുടമയുടെ അനുമതിപത്രവും സമർപ്പിക്കണം
2013-ലെ പുനരധിവാസ നിയമപ്രകാരമാവണം ഭൂമിയേറ്റെടുക്കൽ
പുതിയ നിർദേശം വന്നാൽ
പാരിസ്ഥിതികപ്രാധാന്യമുള്ള പ്രദേശങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതാകും
വന്യജീവിസങ്കേതങ്ങളുടെയും പരിസ്ഥിതിലോലമേഖലകളുടെയും സമീപപ്രദേശങ്ങളിൽ ഖനനാനുമതി ലഭിച്ചേക്കും
പ്രദേശത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചു വ്യക്തതയില്ലാതെ പാരിസ്ഥിതികാഘാത പഠനം സാധ്യമാകില്ല പ്രകൃതിയെ ബാധിക്കും – പ്രകൃതി ശ്രീവാസ്തവ (കേരള മുൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ)
പാരിസ്ഥിതികാനുമതി വേഗത്തിലാക്കുന്നതിനുള്ള നിർദേശം, 1972-ലെ വന്യജീവിസംരക്ഷണനിയമത്തെ ദുർബലപ്പെടുത്തുമെന്ന് കേരള മുൻ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പ്രകൃതി ശ്രീവാസ്തവ പറഞ്ഞു. ‘വ്യവസ്ഥകൾ ഇളവുചെയ്ത് ഖനന ഏജൻസികളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ ന്യായീകരിക്കും?
ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തെയും പ്രകൃതിവിഭവങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 48 എയുടെയും ലംഘനമാണിത്.’ അവർ പറഞ്ഞു.






