
കൊച്ചി: രാജ്യത്തെ ഗ്രാമീണ ബാങ്കുകൾ റീജനൽ റൂറൽ ബാങ്കുകളുമായി സംയോജിപ്പിച്ച് എണ്ണം ചുരുക്കിയതിന് പിന്നാലെ ഓഹരി വിൽപന നീക്കവുമായി കേന്ദ്രം.
ഓഹരി കമ്പോളത്തിൽ ലിസ്റ്റ് ചെയ്യാൻ വിവിധ ഗ്രാമീണ ബാങ്കുകൾക്കായി കേന്ദ്ര ധനമന്ത്രാലയം മാർഗരേഖ പുറപ്പെടുവിച്ചതോടെ ഗ്രാമീണ ബാങ്കുകൾ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണെന്ന ആശങ്ക ശക്തമായി. കേന്ദ്ര നീക്കത്തിനെതിരെ ഓൾ ഇന്ത്യ റീജനൽ റൂറൽ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രക്ഷോഭം പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം ഒന്നിനാണ് 43 ഗ്രാമീണ ബാങ്കുകൾ സംയോജിപ്പിച്ച് 28 ആക്കിയത്. ‘ഒരു സംസ്ഥാനം ഒരു റീജനൽ റൂറൽ ബാങ്ക്’ എന്ന കേന്ദ്ര സർക്കാറിന്‍റെ പ്രഖ്യാപിത നയത്തിന്‍റെ ഭാഗമായിട്ടായിരുന്നു സംയോജനം.
പ്രവർത്തനച്ചെലവ് കുറക്കുന്നതിനൊപ്പം അതത് സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നാനെന്നാണ് സംയോജനത്തിന് പറഞ്ഞ ന്യായം. ബാങ്കിങ് മേഖലയിലെ വിവിധ സംഘടനകൾ ഇതിൽ സംശയം പ്രകടിപ്പിച്ചിരുന്നു.
സംയോജനം പ്രാബല്യത്തിൽവന്ന് 15 ദിവസം പിന്നിട്ട മേയ് 16നാണ് കേന്ദ്ര ധനമന്ത്രാലയം ഓഹരിവിൽപനക്ക് വഴിവെക്കുന്ന മാർഗരേഖ ഇറക്കിയത്.
ഗ്രാമീണ ബാങ്കുകളുടെ ഐ.പി.ഒ ഇനിഷ്യൽ പബ്ലിക് ഓഫറിങ് നിർദേശം സ്വകാര്യവത്കരണത്തിനുള്ള പിൻവാതിൽ നടപടിയാണെന്നാണ് എ.ഐ.ആർ.ആർ.ബി.ഇ.എ ആരോപിക്കുന്നത്.
നടപടി നിർത്തിവെച്ച് ഗ്രാമീണ ബാങ്കുകളുടെ അപെക്സ് സംവിധാനമായി നാഷനൽ റൂറൽ ബാങ്ക് ഓഫ് ഇന്ത്യ രൂപവത്കരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇതുൾപ്പെടെ വിഷയങ്ങൾ ഉന്നയിച്ച് ജൂലൈ ഒമ്പതിന് നടക്കുന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാനും അടിയന്തര യോഗം തീരുമാനിച്ചു.
ഗ്രാമീണ മേഖലയിൽനിന്ന് സമാഹരിക്കുന്ന പണം ഇനി സ്വകാര്യ താൽപര്യങ്ങൾക്ക് വിനിയോഗിക്കപ്പെടുമെന്നാണ് സംഘടനയുടെ ആശങ്ക. തൊഴിലുറപ്പ്, വാർധക്യകാല പെൻഷൻ തുടങ്ങിയ സർക്കാർ പദ്ധതികൾ നടപ്പാക്കുന്ന പ്രധാന ബാങ്കുകളാണ് ഗ്രാമീണ ബാങ്കുകൾ.