
- ഒരു കോടി വരെ വരുമാനമുള്ള കമ്പനികള്‍ക്ക് ഓഡിറ്റ് വേണ്ട
ന്യൂഡൽഹി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (MSME) മേഖലയില്‍ വലിയ പരിഷ്‌ക്കാരം നടപ്പിലാക്കാന്‍ കേന്ദ്രസർക്കാർ. ഇത്തരം സ്ഥാപനങ്ങളുടെ നികുതി ഭാരം കുറച്ച് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കി ഉത്പാദനം വര്‍ധിപ്പിക്കാവുന്ന പരിഷ്‌ക്കാരങ്ങളാണ് നടപ്പിലാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസും എംഎസ്എംഇ, ധന മന്ത്രാലയങ്ങളുമായി നിരന്തരമായി കൂടിക്കാഴ്ച നടത്തുകയാണെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിസംബറോടെ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നത്.
എംഎസ്എംഇകളുടെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള നിരവധി നിര്‍ദ്ദേശങ്ങള്‍ നിതി ആയോഗ് അംഗമായ രാജീവ് ഗൗബ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം പരിഗണിച്ച് കൂടിയാണ് മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇക്കാര്യത്തില്‍ എംഎസ്എംഇ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നവംബര്‍ പകുതിയോടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. തുടര്‍ന്ന് ധനമന്ത്രാലയത്തിന്റെ കൂടി നിര്‍ദ്ദേശം അനുസരിച്ചാകും ഇക്കാര്യങ്ങള്‍ നടപ്പിലാക്കുക.
ഇത്തരം സംരംഭങ്ങളുടെ പ്രവര്‍ത്തന ചെലവ് കുറച്ച് ഉത്പാദനം വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി 38 പരിഷ്‌ക്കാരങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എംഎസ്എംഇകള്‍ നിര്‍ബന്ധമായും സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ചിരിക്കണമെന്ന വ്യവസ്ഥ മാറ്റാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
100 കോടി രൂപ വരെ വരുമാനമുള്ള കമ്പനികളുടെ ബോര്‍ഡ് മീറ്റിംഗുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ ചേര്‍ന്നാല്‍ മതിയെന്ന നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഒരു കോടി രൂപ വരെ വരുമാനമുള്ള കമ്പനികള്‍ക്ക് നിര്‍ബന്ധിത ഓഡിറ്റ് ഒഴിവാക്കണം.
നികുതി അടക്കാന്‍ വൈകിയാലുള്ള പിഴശിക്ഷ 18 ല്‍ നിന്ന് 12 ശതമാനമാക്കി കുറക്കണം. ലളിതമായ ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ്, ക്രെഡിറ്റ് ഗ്യാരന്റി പദ്ധതി നടപ്പിലാക്കല്‍, തര്‍ക്ക പരിഹാരത്തിന് ഫാസ്റ്റ് ട്രാക്ക് സംവിധാനം തുടങ്ങിയ നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നിലുണ്ട്.
സാമ്പത്തിക, മൂലധന ചെലവുകള്‍, അസംസ്‌കൃത വസ്തുക്കളുടെ വില, ലോജിസ്റ്റിക്‌സ്, വിതരണ ശൃംഖലയിലെ ചെലവ്, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ എംഎസ്എംഇകളോടും സര്‍ക്കാര്‍ നിര്‍ദ്ദേശം ചോദിച്ചിട്ടുണ്ട്.
ഉത്പാദനം കൂട്ടാനായി എഐ പോലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഈ മേഖലയിലെ കമ്പനികള്‍ക്ക് മികച്ച പരിശീലനം നല്‍കുന്ന കാര്യവും കേന്ദ്രം പരിഗണിക്കുന്നുണ്ട്. പ്രാദേശിക തലത്തിലെ വെല്ലുവിളികള്‍ കണ്ടെത്താന്‍ മേഖല സമ്മേളനങ്ങള്‍ നവംബറില്‍ നടത്താനാണ് ധാരണ. അതിന് ശേഷമാകും ദേശീയ തലത്തിലുള്ള മാറ്റങ്ങള്‍ പ്രഖ്യാപിക്കുക.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 30 ശതമാനവും സംഭാവന ചെയ്യുന്ന മേഖലയാണ് എംഎസ്എംഇ. ഏതാണ്ട് മുപ്പത് കോടിയോളം പേര്‍ പണിയെടുക്കുന്നു. കൃഷി കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന മേഖലയും ഇത് തന്നെയാണ്.






