
ന്യൂഡല്‍ഹി: അനുബന്ധ കമ്പനിയായ ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിന്റെ ഓഹരികള്‍ ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യുമെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ്.അതിനായുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
2021 ലാണ് ബൈജൂസ് ആകാശ് എഡ്യുക്കേഷണല്‍ സര്‍വീസസിനെ ഏറ്റെടുക്കുന്നത്. 1 ബില്യണ്‍ ഡോളറിനായിരുന്നു ഇടപാട്. ബാധ്യതകള്‍ തീര്‍ക്കാന്‍ മൂലധനസ്വരൂപണം ആവശ്യമാണെന്ന് ദിവ്യ ഗോകുല്‍നാഥ് വ്യക്തമാക്കി.
കമ്പനി അതിന്റെ ഓഫ്ലൈന്‍ മോഡല്‍ — ട്യൂഷന്‍ സെന്ററുകള്‍ — ലാഭകരമാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിന് നിക്ഷേപം ആവശ്യമുണ്ട്. ബൈജൂസിന്റെ പാരന്റിംഗ് കമ്പനിയായ തിങ്ക് & ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഏകീകൃത നഷ്ടം 20 മടങ്ങ് വര്‍ധിച്ച് 4,588.75 കോടി രൂപയായിരുന്നു.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2,280.26 കോടി രൂപ.
അതേസമയം ഓഡിറ്റിംഗ് കമ്പനി, ഡെലോയിറ്റ് ഹാസ്‌കിന്‍സ് ആന്‍ഡ് സെല്‍സിന്റെ ഉപദേശപ്രകാരം വരുമാനം തിരിച്ചറിയുന്ന രീതിയിലുണ്ടായ മാറ്റമാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണം, ദിവ്യ പറഞ്ഞു. ‘ഗ്രൂപ്പ് ലെവല്‍ ലാഭം’ കൈവരിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വൈറ്റ്ഹാറ്റ് ജൂനിയര്‍ ഒഴികെ, ഏറ്റെടുത്ത എല്ലാ കമ്പനികളും വളരെ നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി.ബൈജൂസിന്റെ മൂല്യത്തില്‍ ഇടിവുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ ദിവ്യ ഗോകുല്‍ നാഥ് നിഷേധിച്ചു. ഇപ്പോഴും 22 ബില്യണ്‍ ഡോളര്‍ മൂല്യമുണ്ട്.
മൂല്യനിര്‍ണ്ണയത്തില്‍ മാറ്റമൊന്നുമില്ല. ആകാശിന്റെ 8,000 കോടി രൂപ പ്രാഥമിക പബ്ലിക് ഓഫറിംഗിന് (ഐപിഒ) ബൈജൂസ് ഒരുങ്ങുന്നതായി നേരത്തെയും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനായി ടെക്സാസ് പസഫിക് ഗ്രൂപ്പ് ക്യാപിറ്റല്‍ (ടിപിജി) പോലുള്ള നിക്ഷേപകരുമായി അവര്‍ ചര്‍ച്ചകള്‍ നടത്തി.