
കൊച്ചി: ഐസിഎആർ–സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, ‘മത്സ്യ പോസ്റ്റ്-ഹാർവെസ്റ്റ് മേഖലയിലെ സംരംഭക അവസരങ്ങൾ’ എന്ന വിഷയത്തിൽ ഏകദിന ബോധവത്കരണം നടത്തി. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത പരിപാടി മത്സ്യ ഫിഷറീസ് ഇൻക്യൂബേഷൻ സെന്ററിന്റെ നേതൃത്വത്തിൽ സോണൽ ടെക്‌നോളജി മാനേജ്മെന്റ് – അഗ്രിബിസിനസ് ഇൻക്യൂബേഷൻ സെന്ററിന്റെ സഹകരണത്തോടെയാണ് നടത്തിയത്.
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എഞ്ചിനീയറിംഗ് ട്രെയിനിംഗ് ഡയറക്ടർ എം ഹബീബുള്ള പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിഎആർ –സിഫ്റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ അധ്യക്ഷത വഹിച്ചു. സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. കെഎൻ രാഘവനും വൈസ് പ്രസിഡന്റ് അലക്സ് നൈനാനും മുഖ്യാതിഥികളായി.
ഐസിഎആർ –സിഫ്റ്റിലെ ശാസ്ത്രജ്ഞർ മത്സ്യ ഇൻക്യൂബേഷൻ, മത്സ്യ സംസ്കരണവും മൂല്യവർധിത ഉത്പന്നങ്ങളും, സീ ഫുഡ് മാലിന്യങ്ങളുടെ ഉപയോഗം, പാക്കേജിംഗ്, ഗുണനിലവാര നിയന്ത്രണം, ബയോടെക്നോളജി അധിഷ്ഠിത നൂതന ആശയങ്ങൾ, പോഷകമൂല്യമുള്ള മത്സ്യ ഉൽപ്പന്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സെഷനുകൾ നടത്തി. എഫ്എസ്എസ്എഐ മാർഗനിർദേശങ്ങൾ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണാ പദ്ധതികൾ, ബാങ്ക് വായ്പാ സൗകര്യങ്ങൾ, വ്യവസായ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ചും പ്രത്യേക സെഷനുകൾ നടത്തി.






