
ന്യൂഡല്‍ഹി: ലണ്ടനെയും ഡല്‍ഹിയെയും ബന്ധിപ്പിക്കുന്ന അധിക വിമാനസര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. 2026-ഓടെ ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തിനും ഡല്‍ഹിക്കുമിടയില്‍ നടത്തുന്ന രണ്ട് പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ ഒരെണ്ണംകൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ലണ്ടന്‍-മുംബൈ സര്‍വീസിലുണ്ടായിരുന്ന ഫസ്റ്റ് ക്യാബിന്‍ അഥവാ ഫസ്റ്റ് ക്ലാസ് വീണ്ടും പ്രാബല്യത്തിലാകും. 2026-ന്റെ അവസാനത്തോടെ അഞ്ച് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനങ്ങളില്‍ ഏറ്റവും പുതിയ ബിസിനസ് ക്ലാസ് ക്ലബ്ബ് സ്യൂട്ട് കൂടി ഉള്‍പ്പെടുത്തുമെന്നും വിമാനകമ്പനി ബുധനാഴ്ച പ്രഖ്യാപിച്ചു.
നിലവില്‍ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ വിമാനസര്‍വീസുള്ളത്. അമേരിക്കയ്ക്ക് പുറമെ ബ്രിട്ടീഷ് എയര്‍വേയ്‌സ് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന രാജ്യംകൂടിയാണ് ഇന്ത്യ.
ഒരു നൂറ്റാണ്ടിലേറെയായി യു.കെയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന വിമാനസര്‍വീസുകൾ നടത്താൻ ബ്രിട്ടീഷ് എയര്‍വേയ്‌സിന് കഴിഞ്ഞുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. ജൂലായില്‍ സുപ്രധാനമായ ഇന്ത്യ-യുകെ സാമ്പത്തിക വ്യാപാര കരാറില്‍ ഇന്ത്യയും യുകെയും ഒപ്പുവെച്ചതിനുശേഷമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനം.
ഗ്ലോബല്‍ ഫിന്‍ടെക് ഫെസ്റ്റിന്റെ ആറാം പതിപ്പില്‍ പങ്കെടുക്കുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.