
ബെഗളൂരു: ഹോട്ടല്‍ ശൃംഖലയായ ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്‌സിന്റെ 759.6 കോടി രൂപ ഐപിഒ (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) ജൂലൈ 24 ന് തുടങ്ങും. കമ്പനി സമര്‍പ്പിച്ച പ്രാഥമിക രേഖകള്‍ പരിശോധിച്ച സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ) ഐപിഒ അനുമതി ഇതിനോടകം നല്‍കി കഴിഞ്ഞു.
ഐപിഒ പൂര്‍ണ്ണമായും ഫ്രഷ് ഇഷ്യുവാണ്. ജൂലൈ 23 ന് ആങ്കര്‍ നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം. ജൂലൈ 28 നാണ് ഐപിഒ അവസാനിക്കുക.
ഓഹരി അലോട്ട്‌മെന്റ് തീയതി ജൂലൈ 29 ന് നിശ്ചയിക്കും. ജൂലൈ 31 നാണ് ലിസ്റ്റിംഗ്. 360 വണ്‍ സ്‌പെഷ്യല്‍ ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട്, 360 വണ്‍ ലാര്‍ജ് വാല്യു ഫണ്ട് എന്നിവ 90 രൂപ നിരക്കില്‍ 126 കോടി രൂപയുടെ കമ്പനി ഓഹരികള്‍ ഇതിനോട സ്വന്തമാക്കിയിട്ടുണ്ട്.
ഫ്രഷ് ഇഷ്യുവഴി സമാഹരിക്കുന്ന തുക കടം തിരിച്ചടയ്ക്കുന്നതിനും പ്രമോട്ടറായ ബ്രഗേഡ് എന്റര്‍പ്രൈസസില്‍ നിന്ന് ഭൂമി വാങ്ങുന്നതിനും ഏറ്റെടുക്കലിനും കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.
മാരിയട്ട്, അക്കോര്‍, ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍സ് ഗ്രൂപ്പ് തുടങ്ങിയ ആഗോള പ്രമുഖ ഹോസ്പിറ്റാലിറ്റി കമ്പനികളുടെ 1,604 താക്കോലുകളാണ് ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സിന്റെ പോര്‍ട്ട്‌ഫോളിയോയിലുള്ളത്. 2025 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 24 ശതമാനം ഇടിഞ്ഞ് 23.7 കോടി രൂപയായി. വരുമാനം 16.6 ശതമാനമുയര്‍ന്ന് 468.3 കോടി രൂപ.