
തിരുവനന്തപുരം: ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമാണ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിനായി 180 ഏക്കർ ഭൂമി കൂടി സംസ്ഥാന സർക്കാർ ഡിആർഡിഒയ്ക്ക് കൈമാറുന്നു. തിരുവനന്തപുരം കാട്ടാക്കടയിലെ നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ വളപ്പിലാണ് പുതിയ മിസൈൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള ഭൂമി. ഇതിന് ആവശ്യമായ അനുമതി സുപ്രീംകോടതി നൽകിയതായി വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു.
പദ്ധതിക്ക് ആവശ്യമായ ഭൂമി സംബന്ധിച്ച് ബ്രഹ്മോസ് വ്യവസായ വകുപ്പിനെ സമീപിച്ചതിനെ തുടർന്ന് റവന്യൂ-വ്യവസായ- ഡിആർഡിഒ സംയുക്ത പരിശോധന നടത്തി. രണ്ട് സ്ഥലങ്ങൾ പ്രാഥമികമായി പരിഗണിച്ചെങ്കിലും വിശദമായ വിലയിരുത്തലിന് ശേഷം തുറന്ന ജയിലിന്റെ വളപ്പിലെ ഭൂമിയാണ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. സ്ഥലമാറ്റത്തിന് സുപ്രീം കോടതി നിർദേശങ്ങളുണ്ടായിരുന്നതിനാൽ തടസ്സം നിലനിന്നിരുന്നു. നിയമ വകുപ്പിന്റെയും അഡ്വക്കേറ്റ് ജനറലിന്റെയും അനുകൂല നിയമോപദേശം ലഭിച്ചതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
പ്രതിരോധ ഗവേഷണ വികസന സംഘടനയായ ഡിആർഡിഒയുടെ കീഴിലുള്ള ബിഎടിഎൽ ഈ ഭൂമിയിൽ അത്യാധുനിക മിസൈലുകളുടെയും സ്ട്രാറ്റജിക് പ്രതിരോധ ഉപകരണങ്ങളുടെയും രണ്ടാം നിർമാണ യൂണിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിൽ കേരളത്തിന്റെ പങ്ക് ഗണ്യമായി ഉയർത്തുന്ന പദ്ധതിയാണിത്. പദ്ധതി പൂർണമായും പ്രവർത്തനക്ഷമമായാൽ 15 വർഷത്തിനിടെ ₹2500 കോടിക്ക് മുകളിൽ ജിഎസ്ടി വരുമാനവും, 500 -ൽപരം ഹൈസ്കിൽ എഞ്ചിനീയറിംഗ്–ടെക്നിക്കൽ തൊഴിലുകളും സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് അനവധി പരോക്ഷ തൊഴിലവസരങ്ങളും ഉണ്ടാകും.
തുറന്ന ജയിൽ വളപ്പിലെ 32 ഏക്കർ ഭൂമി നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്‌സിറ്റിക്കും, 45 ഏക്കർ ശസ്ത്ര സീമ ബൽ (എസ്എസ്ബി) ബറ്റാലിയൻ ഹെഡ്‌ക്വാർട്ടേഴ്സിനും നൽകാൻ സുപ്രീംകോടതി അനുമതി നൽകി. “ബ്രഹ്മോസുമായി തുടർ ചർച്ചകൾ വേഗത്തിലാക്കി പ്രാരംഭ പ്രവർത്തനങ്ങൾ അതിവേഗം ആരംഭിക്കാൻ സർക്കാർ ശ്രമിക്കും” എന്നും പി രാജീവ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.






