
കൊച്ചി: പ്രകൃതി വാതകങ്ങളുടെ പരമാവധി ഉപയോഗം വീടുകളിലും വാഹനങ്ങളിലും വാണിജ്യ, വ്യവസായശാലകളിലും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ, പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) രാജ്യവ്യാപക കാംപെയ്ൻ ആരംഭിച്ചു. ‘പിഎൻജി 2.0’ എന്ന പേരിൽ തുടക്കമിട്ട കാംപെയ്‌നിലൂടെ പൈപ്പ്ഡ് നാചുറൽ ഗ്യാസ് (പിഎൻജി), കംപ്രസ്ഡ് നാചുറൽ ഗ്യാസ് (സിഎൻജി) എന്നിവയുടെ പ്രാധാന്യം ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യമിടുന്നത്.
പെട്രോളിയം ആൻഡ് നാചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡിന്റെ നിർദേശ പ്രകാരം നഗര ഗ്യാസ് വിതരണ വ്യവസായ മേഖലയുടെ സഹകരണത്തോടെയാണ് കാംപെയ്ൻ സംഘടിപ്പിക്കുന്നത്. രാജ്യമെമ്പാടുമുള്ള സിറ്റി ഗ്യാസ് വിതരണ കമ്പനികളെ ഉൾപ്പെടുത്തി ഏകീകൃത പ്ലാറ്റ്‌ഫോം തുടങ്ങുമെന്നും ബിപിസിഎൽ അറിയിച്ചു. ബോധവത്കരണ കാംപെയ്‌ന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിയുള്ള പരസ്യ ചിത്രങ്ങളും പുറത്തിറക്കും. പ്രകൃതി വാതകത്തിലേക്ക് പരിവർത്തനപ്പെടുകയെന്ന പൊതു ലക്ഷ്യത്തിനായി വ്യവസായ ലോകം കൈകോർക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് പിഎൻജി 2.0 കാംപെയ്ൻ എന്ന് ബിപിസിഎൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടർ ശുഭാങ്കർ സെൻ പറഞ്ഞു. ലളിതവും വിശ്വസനീയവും ലാഭകരവുമായ ഊർജം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിലൂടെ സുഖപ്രദമായ ജീവിതശൈലി ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
രാജ്യത്തിന്റെ ഊർജ സംരക്ഷണ പ്രവർത്തനങ്ങളിൽ സിഎൻജി, പിഎൻജി വിഭാഗത്തിന്റെ പ്രാധാന്യം വർധിപ്പിക്കാനും ക്യാംപെയ്‌നിലൂടെ സാധിക്കുമെന്നും ശുഭാങ്കർ സെൻ അഭിപ്രായപ്പെട്ടു. ഉപഭോക്തൃ ബോധവത്കരണത്തിന് പുറമെ വിവിധ കമ്മ്യൂണിറ്റി പ്രോഗ്രാമുകൾ, സൈബറിടങ്ങളിലെ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും. രാജ്യത്തിന്റെ ഊർജ ഉപയോഗത്തിൽ പ്രകൃതി വാതകങ്ങളുടെ പങ്ക് 6.5 ശതമാനമാണ്. 2030-ന് അകം 15 ശതമാനത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമിടുന്നത്. ഊർജ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി നടത്തുന്ന കാംപെയ്ൻ, രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് കരുത്തേകുമെന്നും ബിപിസിഎൽ അറിയിച്ചു.






