
കൊച്ചി: ട്രെൻഡിലും വിൽപനയിലും ടോപ് ഗിയറിലേക്കു കടന്ന് ഇലക്ട്രിക് വാഹന (ഇവി) വിപണി. അതിൽത്തന്നെ ഇവി കാർ വിപണിയിൽ പ്രകടമായ കുതിപ്പാണ്. പുതിയ മോഡലുകളും പരമ്പരാഗത വാഹന നിർമാണ മേഖലയിലെ കമ്പനികളും കൂടി വിപണിയിലെത്തിയതോടെ മത്സരം കനത്തു. ഇതു വിൽപനക്കണക്കിലും പ്രകടമാണ്.
ഈ വർഷം ജനുവരിയിൽ രാജ്യത്താകെ 3438 ഇവി പാസഞ്ചർ വാഹനങ്ങൾ റജിസ്റ്റർ ചെയ്തപ്പോൾ ജൂണിൽ അത് 7692 ആയി. രണ്ടാമതൊരു വാഹനം മാത്രമായി ഇവി കാർ വാങ്ങിയിരുന്ന കാലവും മാറുകയാണ്. ആദ്യ വാഹനമായി ഇവി കാർ വാങ്ങുന്നവരുടെ എണ്ണമേറി.
ചാർജിങ് സൗകര്യങ്ങൾ കൂടിയതും ഇവി വാഹനങ്ങൾക്കു സർക്കാരുകൾ ഉൾപ്പെടെ നൽകുന്ന പ്രാധാന്യവും ഏറെപ്പേരെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇവി കാർ സ്വന്തമാക്കുന്ന സ്ത്രീകളുടെ എണ്ണവും കൂടി. പുതിയ കാർ വാങ്ങുന്ന ഏകദേശം 25% സ്ത്രീകളും ഇലക്ട്രിക് വാഹനത്തിലേക്കു തിരിഞ്ഞതായാണു കണക്ക്.
ഇവി കാറുകളിലേക്കു മാറുന്നവരുടെ എണ്ണത്തിൽ കേരളം മുന്നിലാണെന്നു ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് സെയിൽസ് ആൻഡ് സർവീസ് സ്ട്രാറ്റജി മേധാവി വിവേക് ശ്രീവത്‌സ മലയാള മനോരമയോടു പറഞ്ഞു.
ഒരു ലക്ഷം ഇലക്ട്രിക് കാറുകൾ ടാറ്റ മോട്ടോഴ്സ് വിറ്റപ്പോൾ കേരളത്തിൽ മാത്രം വിൽപന നടത്തിയത് 10,000 കാറുകളാണ്. നിലവിലെ 4 ഇവി വിഭാഗങ്ങളിലേക്ക് 6 പുതിയ ഇവി മോഡലുകൾ കൂടി 2 വർഷത്തിനിടെ ചേർക്കുമെന്നും അദ്ദേഹം അറിയിച്ചു.






