
കൊച്ചി: പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും സ്ത്രീകളെയും കലയിലും സിനിമയിലും എങ്ങനെ ആവിഷ്‌കരിച്ചിരിക്കുന്നുവെന്ന് ചര്‍ച്ച ചെയ്ത് കൊച്ചി-മുസിരിസ് ബിനാലെയിലെ ക്രോസ്ഓവര്‍ എബിസി വര്‍ക്ക്ഷോപ്. ചലച്ചിത്രകാരിയും അക്കാദമിഷ്യനും എഴുത്തുകാരിയുമായ ജ്യോതി നിഷയാണ് കലയിലെയും സിനിമയിലെയും വ്യക്തി ആവിഷ്‌കാരത്തെയും അവരിലേക്കുള്ള നോട്ടത്തെയും കുറിച്ചുള്ള ഈ സെഷന് നേതൃത്വം നല്‍കിയത്.
കൊച്ചി-മുസിരിസ് ബിനാലെയുടെ (കെഎംബി) ആറാം പതിപ്പിന്റെ ഭാഗമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) എബിസി ആര്‍ട്ട് റൂം നടത്തിയ വര്‍ക്ക്ഷോപ്പില്‍ 15-ഓളം പേര്‍ പങ്കെടുത്തു. നോട്ടത്തിലെ ഭിന്ന സൗന്ദര്യശാസ്ത്രത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് നല്‍കുന്നതായിരുന്നു ഈ സെഷന്‍. സ്വാതന്ത്ര്യത്തിന് മുൻപും ശേഷവുമുള്ള കാലത്തെ സിനിമകളില്‍ ദളിതരെ വിഷയങ്ങളായല്ല, വസ്തുക്കളായാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് നിഷ പറഞ്ഞു. അംബേദ്കര്‍, പെരിയാര്‍, ഫൂലെ തുടങ്ങിയവരുടെ ജാതിവിരുദ്ധ പ്രസ്ഥാനത്തെ അടിസ്ഥാനമാക്കിയുള്ളതല്ല അത്. മറിച്ച് ഉപരിപ്ലവമായ സൃഷ്ടികളായിരുന്നു അവയെല്ലാം. സ്വാഭാവികമായും അവയോട് ഒരു അകലം തോന്നിയെന്നും നിഷ കൂട്ടിച്ചേര്‍ത്തു.






