ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഗോൾഡ് ലോണിൽ നിലപാട് കടുപ്പിക്കാൻ ബാങ്കുകളും

കൊച്ചി: സ്വർണവില റെക്കോർഡ് തകർത്ത് മുന്നേറുമ്പോൾ ഒപ്പം കുതിക്കുകയാണ് സ്വർണപ്പണയ വായ്പാ ഡിമാൻഡും. സ്വർണം പണയംവച്ചാൽ കൂടുതൽ തുക വായ്പയായി നേടാമെന്നതാണ് കാരണം. എന്നാൽ, ഈടുവയ്ക്കുന്ന സ്വർണത്തിന് നൽകുന്ന മൂല്യത്തിൽ കരുതലോടെ നീങ്ങാനൊരുങ്ങുകയാണ് ബാങ്കുകൾ. അതായത്, ഉപഭോക്താവ് പ്രതീക്ഷിച്ചത്ര തുക ഇനി വായ്പയായി നേടാൻ പ്രയാസമായിരിക്കും.

നിലവിൽ സ്വർണം ഈടുവയ്ക്കുമ്പോൾ അതിന്റെ വിപണിവിലയുടെ 70-75% വരെ തുകയാണ് ലോൺ-ടു-വാല്യു (എൽടിവി) പ്രകാരം ബാങ്കുകൾ വായ്പയായി അനുവദിക്കുന്നത്. ഇപ്പോൾ‌ പല ബാങ്കുകളും ഇത് 60-65 ശതമാനത്തിലേക്ക് താഴ്ത്തി.

അതായത്, നിലവിൽ വിപണിയിൽ ഒരുലക്ഷം രൂപ വിലയുള്ള സ്വർണാഭരണം പണയംവയ്ക്കുമ്പോൾ നിങ്ങൾക്ക് 75,000 രൂപവരെ ലഭിക്കുമെങ്കിൽ ഇനിയത് 60,000-65,000 രൂപയായി കുറയും.

സ്വർണപ്പണയ വായ്പകളെ സംബന്ധിച്ച് റിസർവ് ബാങ്കിനുള്ള ആശങ്കയുടെ പശ്ചാത്തലത്തിലാണ് ബാങ്കുകളും ചട്ടം കടുപ്പിക്കുന്നത്. ഇടപാടുകാരൻ ഈടുവച്ച സ്വർണത്തിന് വില പിന്നീട് 10-15% ഇടിഞ്ഞാൽ, വായ്പാത്തുകയേക്കാളും കുറവായേക്കാം ചിലപ്പോൾ അതിന്റെ മൂല്യം.

ഇതു ബാങ്കുകൾക്ക് തിരിച്ചടിയാകും. ഇടപാടുകാരൻ തിരിച്ചടവ് മുടക്കിയാൽ ഈടുസ്വർണം ലേലം ചെയ്താലും ബാങ്കുകൾക്ക് വായ്പാത്തുക തിരിച്ചുപിടിക്കാനാവില്ല. ഈ സാഹചര്യം ഒഴിവാക്കാനാണ് എൽടിവി കുറയ്ക്കാനുള്ള നീക്കം.

രാജ്യാന്തര തലത്തിൽ സമ്പദ്‍രംഗത്ത് അനിശ്ചിതത്വങ്ങളും അസ്ഥിരതയും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബാങ്കുകളോടും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളോടും (എൻബിഎഫ്സി) ജാഗ്രത പാലിക്കാൻ റിസർവ് ബാങ്ക് നിർദേശിച്ചത്.

സ്വർണവായ്പയുടെ തിരിച്ചടവ് മുടങ്ങുന്ന സ്ഥിതിയുണ്ടാവുകയും സ്വർണവില ഇടിയുകയും ചെയ്താൽ ബാങ്കുകളിൽ അത് കിട്ടാക്കടനിരക്ക് ഉയരാനും വഴിവയ്ക്കും.

അതേസമയം, സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക് കുതിച്ചതിനെ തുടർന്ന് രാജ്യത്ത് സ്വർണപ്പണയ വായ്പകൾക്ക് ഡിമാൻഡ് കുത്തനെ കൂടിയിരുന്നു. രാജ്യത്തെ കുടുംബങ്ങൾക്കും സ്വർ‌ണാഭരണ ജ്വല്ലറി മേഖലയ്ക്കുമുള്ള ഗോൾഡ് ലോൺ വിതരണത്തിന്റെ വളർച്ച 2025 മാർച്ചിനുശേഷം ഇതുവരെ 100 ശതമാനത്തോളമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ബാങ്കുകളിൽ പണയവസ്തുവായുള്ള സ്വർണത്തിന്റെ മൂല്യം 2025 ഒക്ടോബറിലെ കണക്കുപ്രകാരം 3.37 ലക്ഷം കോടി രൂപയാണ്. 2024 ഏപ്രിലിൽ ഇത് 1.01 ലക്ഷം കോടി രൂപയായിരുന്നു. ഒറ്റവർഷംകൊണ്ട് മൂല്യം ഇരട്ടിയിലേറെയായി.

31നും 40നും ഇടയിൽ പ്രായമുള്ളവരാണ് സ്വർണപ്പണയ വായ്പ തേടുന്നവരിൽ ഏറെയെന്നും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. മൊത്തം സ്വർണപ്പണയ വായ്പകളുടെ 45 ശതമാനവും സ്വന്തമാക്കിയത് ഇവരാണ്.

80,000 മുതൽ ഒന്നരലക്ഷം രൂപവരെയാണ് ഇടപാടുകാർ വാങ്ങുന്ന ശരാശരി സ്വർണപ്പണയ വായ്പ.

X
Top