
മുംബൈ: പ്രത്യേക മാനദണ്ഡം പാലിക്കുന്ന ബാങ്കുകൾക്ക് അറ്റാദായത്തിന്റെ 75 ശതമാനംവരെ ലാഭവിഹിതം നൽകാൻ അനുവദിക്കും. നിലവിൽ 40 ശതമാനമായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.
പുതിയ നിർദേശ പ്രകാരം കോമൺ ഇക്വിറ്റി ടയർ ഒന്ന് (സിഇടി 1)അനുപാതം അടിസ്ഥാനമാക്കി ഗ്രേഡ് ഘടന നടപ്പിലാക്കും. സിഇടി ഒന്ന് അനുപാതം എട്ട് ശതമാനത്തിൽ താഴെയുള്ള ബാങ്കുകൾക്ക് ലാഭവിഹിതം നൽകാൻ കഴിയില്ല. റീജിയണൽ റൂറൽ ബാങ്കുകൾക്കും പ്രാദേശിക ബാങ്കുകൾക്കും 80 ശതമാനംവരെ ലാഭവിഹിതം നൽകാൻ അനുവദിച്ചേക്കും.
അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയ്ക്ക് ഉയർന്ന ഡിവിഡന്റ് നൽകുന്നതിന് കർശനമായ മാനദണ്ഡങ്ങൾ പാലിക്കേണ്ടിവരും. ഈ നിർദേശങ്ങൾ അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.
ബാങ്കുകളുടെ കൈവശം കൂടുതൽ മൂലധനം ഉറപ്പാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുക, സുസ്ഥിര വളർച്ച ഉറപ്പാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മാനദണ്ഡങ്ങൾ
രാജ്യത്തിന്റെ സാമ്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്ക് ഉയർന്ന ലാഭവിഹിത വിതരണത്തിന് കർശനമായ മൂലധന പര്യാപ്തത മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.
നിഷ്‌ക്രിയ ആസ്തികൾ കുറച്ചശേഷമുള്ള അറ്റാദായത്തിന്റെ 100% ഡിവിഡന്റായി നൽകണമെങ്കിൽ ഈ ബാങ്കുകൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ സിഇടി ഒന്ന് അനുപാതം താഴെ പറയുന്നവയാണ്:
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : 20.8%
എച്ച്ഡിഎഫ്സി ബാങ്ക്: 20.4%
ഐസിഐസിഐ ബാങ്ക്: 20.2%
ആസ്തിയുടെ മികവ്, മൂലധന പ്രതീക്ഷ, ദീർഘകാല വളർച്ചാ പദ്ധതികൾ എന്നിവ വിലയിരുത്തിയ ശേഷം മാത്രമേ ലാഭവിഹിതം പ്രഖ്യാപിക്കാവൂ എന്നും ആർബിയുടെ നിർദേശത്തിലുണ്ട്.
അറ്റാദായാം കണക്കാക്കുന്നതിനുള്ള നിബന്ധനകൾ
ബാങ്കിന്റെ അറ്റാദായത്തിൽ അസാധാരണമായതോ അല്ലെങ്കിൽ ഒറ്റത്തവണ ലഭിക്കുന്നതോ ആയ വരുമാനം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, ഡിവിഡന്റ് കണക്കാക്കുമ്പോൾ അത് ഒഴിവാക്കണം.
നിഷ്‌ക്രിയ ആസ്തിയും സ്റ്റാറ്റിയൂട്ടറി ഓഡിറ്റർമാർ ലാഭം പെരുപ്പിച്ചു കാണിച്ചതായി റിപ്പോർട്ട് ചെയ്താൽ, ആ അധിക തുകയും അറ്റാദായത്തിൽ നിന്ന് കുറയ്ക്കണം.






