
ന്യൂഡൽഹി: മൊസാംബിക്കിലെ കമ്പനിയുടെ എണ്ണ, വാതക ആസ്തികൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട 61,700 കോടി രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് വിഡിയോകോൺ ഗ്രൂപ് പ്രമോട്ടർ വേണുഗോപാൽ ധൂത് ഉൾപ്പെടെയുള്ള ഒരു ഡസൻ സ്ഥാപനങ്ങൾക്ക് ഡൽഹി കോടതി നോട്ടീസ് അയച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 2024 ഡിസംബർ 18നാണ് പ്രോസിക്യൂഷൻ പരാതി നൽകിയത്.
ഫെബ്രുവരി 10ന് റൗസ് അവന്യൂ കോടതി കേസെടുത്തതായി ഇ.ഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ശ്രദ്ധയിൽപെടുത്തിയാണ് കോടതി 13 പ്രതികൾക്കും നോട്ടീസ് അയച്ചതെന്നും ഇ.ടി വ്യക്തമാക്കി. നോട്ടീസിനെക്കുറിച്ച് വിഡിയോകോൺ അധികൃതർ പ്രതികരിച്ചിട്ടില്ല.
വിഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും ഗ്രൂപ് കമ്പനികളുടെയും അക്കൗണ്ടുകൾ 2018ൽ നിഷ്‌ക്രിയ ആസ്തികളായി (എൻ.പി.എ) മാറിയിരുന്നു.
സ്റ്റാൻഡ് ബൈ ലെറ്റർ ഓഫ് ക്രെഡിറ്റ് സൗകര്യവുമായി ബന്ധപ്പെട്ട് 23,647.12 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തികൾ ഉൾപ്പെടെ ബാങ്കുകൾ ആകെ 61,773.02 കോടി രൂപയുടെ ക്ലെയിം ഫയൽ ചെയ്തിട്ടുണ്ടെന്ന് ഇ.ഡി പറഞ്ഞു.






