
മുംബൈ: അപൂര്‍വ്വ ഭൗമ കാന്തങ്ങളുടെ ക്ഷാമം പരിഹരിക്കപ്പെട്ടതിനെ തുടര്‍ന്ന് ബജാജ് ഓട്ടോ ഇ-സ്‌ക്കൂട്ടറായ ചേതക്കിന്റെ വിതരണം പുനരാരംഭിച്ചു. പ്രതീക്ഷിച്ചതിലും നേരത്ത ഉത്പാദനവും കയറ്റുമതിയും തുടങ്ങിയ കമ്പനി ശേഷി പൂര്‍ണ്ണമായി ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ്.
ഉത്സവ സീസണില്‍ ലഭ്യത ഉറപ്പാക്കാനുള്ള അപൂര്‍വ്വ കാന്തങ്ങളുടെ സ്റ്റോക്ക് സംഭരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഭാഗമാണ് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍.
ചൈന കയറ്റുമതി നിരോധനമേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കാന്തങ്ങളുടെ ക്ഷാമം അനുഭവപ്പെട്ടത്. സ്മാര്‍ട്ട്‌ഫോണ്‍ ഉള്‍പ്പടെയുള്ള മറ്റ് ഇലക്ട്രോണിക് ഉപകരണ നിര്‍മ്മാതാക്കളും സമാന പ്രതിസന്ധി നേരിട്ടു.
തുടര്‍ന്ന് ഇന്ത്യ മറ്റ് രാജ്യങ്ങളെ അപൂര്‍വ്വ കാന്തങ്ങള്‍ക്കായി സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യ-ചൈന ബന്ധം ഊഷ്മളമാകുകയും അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ നല്‍കാന്‍ ചൈന സമ്മതിക്കുകയും ചെയ്തു.