റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവെക്കില്ലെന്ന് എസ് ജയശങ്കർ ◆ പ്രകൃതിവാതക വില പരിധി ഉയർത്തി കേന്ദ്ര സർക്കാർ; ആഴക്കടൽ വാതക ഉൽപ്പാദകർക്ക് ആശ്വാസം ◆ പാലക്കാട് വ്യവസായ സ്മാര്‍ട് സിറ്റി: അഞ്ചാംഘട്ട തുകയും ഭൂമിയും അനുവദിച്ചു ◆ ഇന്ധനവില വർധിപ്പിച്ച് നയാര എനർജി ◆ ഇന്ത്യയുടെ ബ്രഹ്‌മോസ് വാങ്ങാന്‍ വിദേശ രാജ്യങ്ങളുടെ ക്യൂ; കയറ്റുമതി 5760 കോടി രൂപ കടക്കുമെന്ന് പ്രതിരോധ സെക്രട്ടറി ◆

മുതിര്‍ന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ; ആയുഷ്മാന്‍ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍

മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്ട്രേഷൻ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും.

രാജ്യവ്യാപകമായി ആരംഭിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത പ്രദേശങ്ങളിലായിരിക്കും ആദ്യം നടപ്പാക്കുക.

പദ്ധതിയില്‍ ചേരാൻ യോഗ്യരായവർ ആയുഷ്മാൻ മൊബൈല്‍ ആപ്പ് വഴിയോ പിഎംജെവൈ പോർട്ടല്‍ വഴിയോ അപേക്ഷിക്കേണ്ടതുണ്ട്. 70 വയസ്സോ അതിന് മുകളിലോ ഉള്ളവർക്ക് പദ്ധതിയില്‍ അംഗമാകാം. പ്രായം സ്ഥിരീകരിക്കുന്നതിനും മറ്റ് വിവരങ്ങള്‍ക്കുമായി ആധാർ കാർഡ് ആവശ്യമാണ്.

പദ്ധതിയില്‍ ചേർന്നാല്‍ കാത്തിരിപ്പ് കാലയളവില്ലാതെ ഉടനെതന്നെ ആരോഗ്യ പരിരക്ഷ ലഭിക്കും. രജിസ്ട്രേഷനും കൈവൈസി നടപടിക്രമങ്ങള്‍ക്കും ശേഷം വ്യക്തികള്‍ക്ക് പദ്ധതിയില്‍ അംഗമാകാം.

നിശ്ചിത പ്രായത്തിന് മുകളിലുള്ള കുടുംബാംഗങ്ങള്‍ക്കെല്ലാവർക്കുമായി പ്രതിവർഷം പരമാവധി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയാണ് ലഭിക്കുക.

ഒരാള്‍ക്ക് 1,102 രൂപയാണ് വാർഷിക പ്രീമിയം. 60ശതമാനം വിഹിതം കേന്ദ്ര സർ്ക്കാർ നല്‍കും. 40 ശതമാനം വിഹിതം സംസ്ഥാന സർക്കാരും. നീതി ആയോഗ് സമിതിയുടെ ശുപാർശ പ്രകാരം കേന്ദ്രത്തിന്റെ പ്രീമിയം വർധിപ്പിക്കുന്നകാര്യം പരിഗണനയിലാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

കഴിഞ്ഞ ബുധനാഴ്ച ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് 70 വയസ്സും അതിന് മുകളിലുള്ളവരെയും ചേർത്ത് പദ്ധതി വിപുലീകരിക്കാൻ തീരുമാനിച്ചത്.

പ്രാരംഭ ചെലവുകള്‍ക്കായി 3,437 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

X
Top