
തിരുവനന്തപുരം: എഐ-അധിഷ്ഠിത സാങ്കേതിക വിദ്യ, ഡിസൈൻ, എഞ്ചിനീയറിംഗ് എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള ഡിജിറ്റൽ പരിവർത്തന കമ്പനിയായ യു എസ് ടി യുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ഔഡി ഗ്രൂപ്പ് തന്ത്രപ്രധാനമായ പങ്കാളിത്തത്തിൽ ഏർപ്പെട്ടു. ഔഡി ഗ്രൂപ്പിന്റെ ഭാഗമായ ലംബോർഗിനിയുടെ സഹസ്ഥാപനമായ ഇറ്റാൽഡിസൈനിൽ ഭൂരിപക്ഷ ഓഹരി സ്വന്തമാക്കികൊണ്ടുള്ള കരാറിൽ യു എസ് ടി ഒപ്പുവച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇറ്റാൽഡിസൈനിന്റെ തന്ത്രപരമായ പങ്കാളിയായും കമ്പനിയുടെ സുപ്രധാന ഉപഭോക്താവായും ഔഡി തുടരും.
ഇറ്റാൽഡിസൈനിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുന്നതിലൂടെ, യുഎസ് ടി യുടെ ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സോഫ്റ്റ്‌വെയർ അധിഷ്ഠിത വാഹന വികസന സങ്കേതങ്ങൾ, ഡിജിറ്റൽ ആവാസവ്യവസ്ഥ, ഡിസൈൻ എന്നിവയിലെ വൈദഗ്ധ്യവും വാഹന രൂപകൽപ്പന, എഞ്ചിനീയറിംഗ്, പ്രോട്ടോടൈപ്പിംഗ്, ചെറുകിട സീരീസുകളുടെ ഉൽപ്പാദനം, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ് എന്നിവയിൽ ഇറ്റാൽഡിസൈനിന്റെ മികവും സംയോജിപ്പിക്കുന്ന ശക്തമായ ഒരു പങ്കാളിത്തമാണ് ഈ കരാറിലൂടെ സാധ്യമാകുന്നത്. ആശയ രൂപീകരണവും രൂപകൽപ്പനയും മുതൽ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ വികസനം, ഉൽപ്പാദന സങ്കേതങ്ങൾ വരെയുള്ള സമഗ്രവും സംയോജിതവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇരു കമ്പനികൾക്കും ഒരുമിച്ച് സാധിക്കും.
പൂർണ്ണമായും ആധുനിക രീതിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ വാഹന വികസനം ശക്തിപ്പെടുത്തുന്നതിനായാണ് ഈ പങ്കാളിത്തം വിഭാവനം ചെയ്യുന്നത്. കൂടാതെ, യുഎസ് ടിയും ഇറ്റാൽഡിസൈനും ഒരുമിച്ച് ആഗോള വ്യാപനം സാധ്യമാക്കാനുള്ള പ്രയത്നങ്ങൾക്ക് തുടക്കമാകും. ഒപ്പം, മുപ്പതിലധികം രാജ്യങ്ങളിലെ ആഗോള സാന്നിധ്യം വിപുലീകരിക്കാൻ ഇറ്റാൽഡിസൈനിനുമായുള്ള പങ്കാളിത്തം യുഎസ് ടിയെ പ്രാപ്തമാക്കും. പുതിയ ഭൂരിപക്ഷ ഓഹരി ഉടമ എന്ന നിലയിൽ യു എസ് ടി ഇറ്റാൽഡിസൈനിന്റെ പൈതൃകം, ഡിസൈൻ സംസ്കാരം, ജീവനക്കാരുടെ മികവ് എന്നിവ ശക്തിപ്പെടുത്തുകയും ചെയ്യും.
ഇറ്റാൽഡിസൈനിന്റെ ദീർഘകാല പങ്കാളിയായി ഔഡി തുടരുന്നതിനോടൊപ്പം, അഞ്ച് പതിറ്റാണ്ടിലേറെയായി നിലനിൽക്കുന്ന ഇറ്റാൽഡിസൈനിന്റെ പ്രശസ്തി രൂപപ്പെടുത്തിയ മേഖലകളിൽ തുടർച്ചയായ സഹകരണവും ഉറപ്പാക്കും. 2010 മുതൽ ഇറ്റാൽഡിസൈൻ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമാണ്. യു എസ് ടി യും ഔഡി ഗ്രൂപ്പും തമ്മിലുള്ള കരാർ വ്യവസ്ഥാപരമായ അംഗീകാരങ്ങൾക്ക് വിധേയമാണ്. യുഎസ് ടി യും ഔഡി ഗ്രൂപ്പും നിക്ഷേപ മൂല്യമോ മറ്റ് കരാർ വിശദാംശങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.






