
പാദവാര്‍ഷിക കാലത്തെ എക്കാലത്തേയും മികച്ച പ്രകടനം നടത്തി ഏഥര്‍ എനര്‍ജി ലിമിറ്റഡ്. 2025 ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തിലെ കണക്കുകളിലാണ് ഏഥര്‍ വില്‍പനയിലും ലാഭത്തിലുമെല്ലാം ഗംഭീര പ്രകടനം നടത്തിയിരിക്കുന്നത്. കൂടുതല്‍ മേഖലകളിലേക്ക് വില്‍പന വിപുലപ്പെടുത്താനും കൂടുതല്‍ മോഡലുകള്‍ വിപണിയിലെത്തിക്കാനും സോഫ്റ്റ്‌വെയര്‍, സേവന മേഖലകളില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാനും ഇക്കാലത്ത് ഏഥറിന് സാധിച്ചു.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച പാദവാര്‍ഷികത്തില്‍ 53 ശതമാനമാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ആകെ വരുമാനം 995.7 കോടി രൂപയായാണ് വര്‍ധിച്ചത്. ഏഥര്‍ മോഡലുകളുടെ ആവശ്യകതയിലുണ്ടായ വളര്‍ച്ചയും സോഫ്റ്റ്‌വെയര്‍ സബ്‌സ്‌ക്രിബ്ഷന്‍, ചാര്‍ജിങ് സര്‍വീസ്, വാഹന ഭാഗങ്ങള്‍, അറ്റകുറ്റപണികള്‍ എന്നിങ്ങനെയുള്ള വില്‍പ്പനാനന്തര സേവന രംഗത്തു നിന്നുള്ള വരുമാനവും ഏഥറിന് ഗുണം ചെയ്തു. ആകെ വരുമാനത്തിന്റെ 14 ശതമാനം വില്‍പ്പനാനന്തര സേവനത്തില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.
ഈ പാദവാര്‍ഷികത്തില്‍ ഏഥറിന്റെ ലാഭക്ഷമതയിലും വര്‍ധനവുണ്ടായി. അഡ്ജസ്റ്റഡ് ഗ്രോസ് മാര്‍ജിന്‍(എജിഎം) 111% ആയാണ് വര്‍ധിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എജിഎം 251.3 കോടി രൂപയായാണ് ഉയര്‍ന്നത്. എഥര്‍ വാഹനങ്ങളുടെ എന്‍ജിനീയറിങ് മികവിന് വിപണിയില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണവും മെച്ചപ്പെട്ട വിലയുമെല്ലാം ഗുണമായി.
ഈ പാദ വാര്‍ഷികത്തില്‍ ഏഥര്‍ 67,851 യൂണിറ്റുകളാണ് വിറ്റത്. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വില്‍പനയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചുള്ള വര്‍ധനവ് 50 ശതമാനം വരും. ഇന്ത്യന്‍ വൈദ്യുത ഇരുചക്രവാഹന വിപണിയില്‍ 18.8 ശതമാനം സ്വന്തമാണ് ഏഥറിന്. ഉത്സവകാലത്ത് പ്രതിമാസം 30,000 ഏഥര്‍ വാഹനങ്ങള്‍ വരെ റജിസ്റ്റര്‍ ചെയ്തു. ഇത് ആ കാലയളവില്‍ രാജ്യത്തെ ആകെ വൈദ്യുത ഇരുചക്രവാഹന വില്‍പനയുടെ 20 ശതമാനം വരും.
പ്രാദേശികമായി ദക്ഷിണേന്ത്യയാണ് ഏഥറിന്റെ ശക്തിപ്രദേശമായി തുടരുന്നത്. ഏഥര്‍ വില്‍പനയില്‍ 24.4 ശതമാനവും ദക്ഷിണേന്ത്യന്‍ വിപണിയിലാണ്. മികച്ച റീടെയില്‍ നെറ്റ്‌വര്‍ക്കും വില്‍പനാനന്തര സേവനവും ചാര്‍ജിങ് സൗകര്യങ്ങളും ഉപഭോക്താക്കളുടെ വിശ്വാസ്യതയുമെല്ലാം ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഏഥറിനെ സഹായിച്ചിട്ടുണ്ട്.
മധ്യേന്ത്യയിലെ പ്രദേശങ്ങളിലെ വില്‍പന വിഹിതത്തില്‍ ഇരട്ടി വര്‍ധനവോടെ 17.4 ശതമാനത്തിലേക്കെത്തിയതും ശ്രദ്ധേയമായി. ഗുജറാത്തും മധ്യപ്രദേശും മഹാരാഷ്ട്രയും ഒഡീഷയും ചേര്‍ന്നതാണ് ഈ വിപണി.
ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ മേഖലയിലേക്ക് വ്യാപാരം വിപുലപ്പെടുത്താനുള്ള ഏഥറിന്റെ പദ്ധതികളും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്. കൂടുതലായി 76 പുതിയ എക്‌സ്പീരിയന്‍സ് സെന്ററുകള്‍ തുറക്കാനാണ് ഏഥറിന്റെ തീരുമാനം. ഇതോടെ രാജ്യത്തെ ആകെ ഏഥര്‍ എക്‌സ്പീരിയന്‍സ് സെന്ററുകളുടെ എണ്ണം 600 ആയി മാറും.
ഇന്ത്യയിലും നേപാളിലും ശ്രീലങ്കയിലുമായി 4,357 ഫാസ്റ്റ് ചാര്‍ജിങ് പോയിന്റുകളും ഏഥര്‍ എനര്‍ജിക്കുണ്ട്.
ഐഐടി മദ്രാസിലെ സഹപാഠികളായിരുന്ന തരുണ്‍ മേത്തയും സ്വപ്‌നില്‍ ജെയിനും ചേര്‍ന്ന് 2013ലാണ് ഏഥര്‍ എനര്‍ജി സ്ഥാപിക്കുന്നത്. വാഹനത്തിന്റെ ഡിസൈന്‍ മുതല്‍ സോഫ്റ്റ്വെയറുകള്‍ വരെ ഇന്ത്യയില്‍ നിര്‍മിച്ചാണ് ഏഥര്‍ ശ്രദ്ധേയമായത്. ആദ്യ മോഡലുകളായി ഏഥര്‍ 340, ഏഥര്‍ 450 എന്നിവ 2018ല്‍ പുറത്തിറക്കി. അന്ന് ആധുനിക ടച്ച്‌സ്‌ക്രീന്‍ ഡാഷ്‌ബോര്‍ഡും നാവിഗേഷനുമെല്ലാം തരംഗമായിരുന്നു.
കുടുംബങ്ങളെ ലക്ഷ്യമിട്ട് ഏഥര്‍ പുറത്തിറക്കിയ റിസ്തയും വലിയ ഹിറ്റായിരുന്നു. ഏഥറിന്റെ ആകെ വില്‍പനയുടെ 70 ശതമാനവും റിസ്തയില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.






