
ന്യൂഡല്‍ഹി: തായ് വാനീസ് കമ്പ്യൂട്ടര്‍ കമ്പനി അസൂസ് ഇന്ത്യയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള് വിപുലീകരിക്കുന്നു. ഇതിനായി ഡിക്‌സണ്‍ ടെക്കുമായി പങ്കാളിത്തത്തിലേര്‍പ്പെടും. ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌ക്കീം (പിഎല്‍ഐ) ആനുകൂല്യങ്ങള്‍ പറ്റിയാണ് പ്രവര്‍ത്തനം.
തങ്ങളുടെ ലാപ്‌ടോപ്പുകള്‍, 2025 ലെ ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 10 ശതമാനമാകുമെന്ന് കമ്പനി അറിയിച്ചു. തൊട്ടടുത്ത വര്‍ഷങ്ങളില്‍ വിഹിതം ക്രമാനുഗതമായി വര്‍ദ്ധിപ്പിക്കും. ഉത്സവ സീസണ്‍ ഡിമാന്റ് ഉപയോഗപ്പെടുത്താനാണ് നീക്കം. ഇത്തരത്തില്‍ നിരവധി പദ്ധതികളാണ് കമ്പനി രൂപപ്പെടുത്തിയിരിക്കുന്നത്.
റീട്ടെയില്‍ ഷോപ്പുകളുടെ എണ്ണം 2026 അവസാനത്തോടെ 400-450 ആക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. നിലവിലെ എണ്ണം 320 ആണ്. പ്രാദേശിക നിര്‍മ്മാണം, റീട്ടെയില്‍ വിപുലീകരണം, ഗെയ്മിംഗ് ഉപകരണങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് കമ്പനി തന്ത്രങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്. ഇത് വഴി മുന്‍നിര ഉപഭോക്തൃ ലാപ്പ്‌ടോപ്പ് ബ്രാന്റാകാമെന്ന് അസൂസ് കരുതുന്നു.
നിലവില്‍ ഇന്ത്യയുടെ ലാപ്‌ടോപ്പ് വ്യവസായത്തിന്റെ 22 ശതമാനം വിഹിതം കമ്പനി കൈയ്യാളുന്നു. ഗെയ്മിംഗ് ലാപ്‌ടോപ്പ് സെഗ്മെന്റില്‍ മാര്‍ക്കറ്റ് ലീഡറാണ് ഇവര്‍. വിപണി പങ്കാളിത്തം 25-30 ശതമാനം വരെ.