
കൊച്ചി: സ്വർണ വില ഉയരുമ്പോൾ സ്വർണ വായ്പകളും കുതിക്കുകയാണ്. എന്നാൽ സ്വർണം പുതുതായി പണയം വയ്ക്കുന്നതിലുമേറെ, നിലവിൽ പണയത്തിലിരിക്കുന്ന ഉരുപ്പടി ഉയർന്ന തുകയ്ക്ക് പുതുക്കി വയ്ക്കുന്ന പ്രവണതയാണുള്ളത്.
അതായത് ബാങ്കിലും മറ്റ് ധനകാര്യസ്ഥാപനങ്ങളിലും പണയ സ്വർണത്തിന്റെ അളവ് കാര്യമായി കൂടുന്നില്ല. പകരം നിലവിലുള്ള പണയം തന്നെ വിപണി വിലയ്ക്കൊപ്പം ഉയർന്ന നിരക്കിൽ പുതുക്കി വച്ച്, കൂടുതൽ തുക സമാഹരിക്കുന്നതിനുള്ള ഒരു മാർഗമായി മാറിയിട്ടുണ്ടെന്ന് ബാങ്കിങ് രംഗത്തുള്ളവർ പറയുന്നു. വ്യക്തിഗത ആവശ്യങ്ങൾക്ക് മാത്രമല്ല, ബിസിനസ് ആവശ്യങ്ങൾക്കും മറ്റും ഈ രീതി ഉപയോഗപ്പെടുത്തുന്ന പ്രവണതയേറുകയാണിപ്പോൾ.
രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് സ്വർണത്തിന്റെ മൂല്യത്തിന്റെ (Loan to value- LTV) 85 ശതമാനവും, 2.5 മുതൽ 5 ലക്ഷം വരെ 80 ശതമാനവും, 5 ലക്ഷത്തിന് മുകളിൽ 75 ശതമാനവുമാണ് വായ്പ തുക ലഭിക്കുന്നത്. ഓരോരുത്തരുടെയും വ്യക്തിപരമമായ ആവശ്യമനുസരിച്ച് കൂടുതൽ തുക വേണമെങ്കിൽ സ്വർണം വിൽക്കുകയോ അതല്ലെങ്കില്‍ പണയം വയ്ക്കുകയോ ചെയ്യാം.
സ്വർണ വായ്പയിൽ മുന്നേറ്റം
അടുത്തിടെ രണ്ടാം പാദ ഫലങ്ങൾ പുറത്തുവിട്ട മിക്ക ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും സ്വർണ വായ്പയിൽ മുന്നേറ്റമുണ്ടായതായി സൂചിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള ധനലക്ഷ്മി ബാങ്കിന്റെ രണ്ടാം പാദ ഫലങ്ങളനുസരിച്ച് സ്വർണ വായ്പകളിലാണ് ബാങ്ക് ഏറ്റവുമധികം മുന്നേറ്റം കാഴ്ചവച്ചത്.
3,373 കോടി രൂപയിൽ നിന്ന് സ്വർണപ്പണയ വായ്പാമൂല്യം ഇക്കുറി 4,447 കോടി രൂപയിലെത്തി; 31.84 ശതമാനം വളർച്ചയാണിതെന്ന് ബാങ്കിന്റെ വാർത്താ കുറിപ്പിൽ പറയുന്നു. മിക്ക ബാങ്കിങ് ഇതര സ്ഥാപനങ്ങളും ഇതേ ദിശയിലാണ് മുന്നേറുന്നത്.
സ്വർണവായ്പയിൽ മുന്നേറ്റമുണ്ടെങ്കിലും പുതുതായി സ്വർണം വാങ്ങുന്ന പ്രവണതയ്ക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്. ആഭരണ ആവശ്യങ്ങൾക്കായി വാങ്ങുന്നതിലും കൂടുതൽ നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങുന്നതിനാണ് ഇപ്പോൾ താൽപ്പര്യം, പ്രത്യേകിച്ച് സ്വർണ വില ഇനിയും കൂടുമെന്ന തോന്നൽ വന്നാൽ വില കൂടുതലുയരുന്നതിനുമുമ്പ് വാങ്ങി വയ്ക്കുന്ന രീതിയാണ് പൊതുവെയുള്ളതെന്ന് കാണാം.