
പ്രശസ്തമായ ബുക്കര്‍ പുരസ്‌കാരം നേടിയ ആദ്യ ഭാരതീയ വ്യക്തിയാണ് ജന്മം കൊണ്ട് പാതി മലയാളിയായ അരുന്ധതി റോയ്. 1961 ല്‍ ഷില്ലോങ്ങില്‍ ജനിച്ച അരുന്ധതി റോയ് ചെറുപ്പകാലം ചെലവിട്ടത് ‘അമ്മ മേരി റോയുടെ ജന്മനാടായ കോട്ടയം ജില്ലയിലെ അയ്മനം എന്ന കൊച്ചു ഗ്രാമത്തിലാണ്. ഇതേ അയ്മനം ഗ്രാമമാണ് ‘ദി ഗോഡ് ഓഫ് സ്മാള്‍ തിംഗ്‌സ്’ എന്ന അരുന്ധതി റോയുടെ ബുക്കര്‍ സമ്മാനം നേടിയ നോവലിലൂടെ വിവിധ രാജ്യങ്ങളിലെ വായനക്കാര്‍ക്കിടയില്‍ സുപരിചിതമായത്. തന്റെ നോവലില്‍ കേരളത്തിന്റെ സാമൂഹ്യ ജീവിതപ്രതിഫലനം അങ്ങോളമിങ്ങോളം കാണാന്‍ സാധിക്കുന്നുണ്ട്.
അരുന്ധതിയുടെ ആദ്യ നോവല്‍ ആയിരുന്നു ഇത് എന്നതും 1997 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിന് ശേഷം അരുന്ധതിയുടെ രണ്ടാമത്തെ നോവല്‍ പ്രസിദ്ധീകരിച്ചത് 2017 ല്‍ ആണെന്നതും ശ്രദ്ധേയമാണ്. ഈ കാലയളവിലും അരുന്ധതി വിവിധ സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളില്‍ ഒക്കെയുള്ള അവരുടെ നിലപാടുകളുമായി സഞ്ചരിക്കുകയായിരുന്നു.
വിവിധ ദേശീയ അന്താരാഷ്ട വിഷയങ്ങളില്‍ ഇടപെടുന്ന അരുന്ധതി സാഹിത്യകാരിക്കുപരിയായി ഒരു സോഷ്യല്‍ ആക്ടിവിസ്റ്റ് കൂടെയാണ് . നോണ്‍ ഫിക്ഷന്‍ രചനകള്‍ ഇക്കാലയളവില്‍ അരുന്ധതി എഴുതാറുണ്ടായിരുന്നു. 2024 ലെ പെന്‍ പിന്റര്‍ പുരസ്‌കാരജേതാവ് കൂടിയാണ് അരുന്ധതി റോയ്. മികച്ച തിരക്കഥക്കുള്ള ദേശീയ സിനിമ പുരസ്‌കാര ജേതാവ് കൂടിയാണ് അരുന്ധതി റോയ്. 1988 ലെ ആ ടെലിവിഷന്‍ സിനിമയില്‍ അഭിനയിച്ചവരുടെ കൂട്ടത്തില്‍ ഷാറൂഖ് ഖാനും മനോജ് ബാജ്‌പേയിയും ഉണ്ടെന്നത് കൗതുകമേറിയ ഒരു വസ്തുതയാണ്. മലയാളത്തിന്റെ അയ്മനത്തെ അന്താരാഷ്ട്ര സമൂഹത്തില്‍ പ്രതിഷ്ഠിച്ച എഴുത്തുകാരി അരുന്ധതി റോയുടെ ലളിത സുന്ദര ശൈലിയിലുള്ള നോവലുകള്‍ക്കായി നമുക്കിനിയും കാത്തിരിക്കാം.






