
ന്യൂയോർക്ക്: ടെക് ഭീമനായ ആപ്പിളിന്റെ ഓഹരികൾ റെക്കോർഡ് ഉയരത്തിലെത്തി, ഇതോടെ കമ്പനിയുടെ വിപണി മൂല്യം 4 ലക്ഷം കോടി ഡോളർ എന്ന ചരിത്രപരമായ നാഴികക്കല്ലിനടുത്തെത്തി. പുതിയ ഐഫോൺ 17 സീരീസിന്റെ മികച്ച പ്രകടനമാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന കാരണം.
ഓഹരികൾ 4.2 ശതമാനം ഉയർന്ന് 262.9 ഡോളറിലെത്തിയതോടെ കമ്പനിയുടെ വിപണി മൂല്യം ഏകദേശം 3.9 ട്രില്യൺ ഡോളറായി. ഇതോടെ AI-ചിപ്പ് ഭീമനായ എൻവിഡിയയ്ക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മൂല്യവത്തായ കമ്പനിയായി ആപ്പിള്‍ മാറി.
ഗവേഷണ സ്ഥാപനമായ കൗണ്ടർപോയിന്റിന്റെ കണക്കനുസരിച്ച്, പുതിയ ഐഫോൺ 17 സീരീസ്, യുഎസിലും ചൈനയിലും വിപണിയിലിറങ്ങിയ ആദ്യ പത്തുദിവസത്തിനുള്ളിൽ ഐഫോൺ 16 സീരീസിനേക്കാൾ 14 ശതമാനം അധികം വിറ്റഴിച്ചു. ഇത് ഉപയോക്താക്കളുടെ ശക്തമായ ഡിമാൻഡിനെയാണ് സൂചിപ്പിക്കുന്നത്. ഈ അനുകൂല സാഹചര്യമാണ് ഓഹരി വിപണിയിൽ പ്രതിഫലിച്ചത്.
ചൈനയില്‍ നേരിടേണ്ടി വന്ന കടുത്ത മത്സരം, താരിഫ് സംബന്ധമായ ആശങ്കകൾ എന്നിവ കാരണം ഈ വർഷം ആദ്യം ആപ്പിൾ ഓഹരികൾക്ക് തിരിച്ചടി നേരിട്ടിരുന്നു. 100 ബില്യൺ ഡോളർ അധിക യുഎസ് നിക്ഷേപം കമ്പനി വാഗ്ദാനം ചെയ്തതിനുശേഷം ഓഗസ്റ്റ് ആദ്യം മുതൽ ഓഹരി വില നേരിയ തോതിൽ ഉയർന്നു.
ഒക്ടോബർ 30 ന് വിപണി സമയത്തിന് ശേഷമാണ് ആപ്പിൾ ത്രൈമാസ വരുമാനം റിപ്പോർട്ട് ചെയ്യാന്‍ ഒരുങ്ങുന്നത്. ഐഫോൺ 17-ന്റെ തകർപ്പൻ വിജയം ആപ്പിളിന്റെ വളർച്ചയ്ക്ക് വീണ്ടും ഊർജ്ജം പകർന്നിരിക്കുകയാണ്.