
മുംബൈ: ഐഫോണ്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉത്പാദനം ആപ്പിള്‍ ഇന്ത്യയില്‍ ആരംഭിച്ചു. നേരത്തെ ഇവ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. എന്നാല്‍ ചൈന ഉപകരണങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങി.
പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ ഇലക്ട്രോണിക് ഘടകങ്ങള്‍ ഘടിപ്പിക്കുന്ന എസ്്എംടി (സര്‍ഫേസ് മൗണ്ട് ടെക്‌നോളജി) ഘട്ടത്തിന് ശേഷമാണ് ഇവ ഉപയോഗിക്കുക. ഈ മെഷീന്‍ നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനം ആപ്പിള്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് നല്‍കും. ഇവയുടെ ബൗദ്ധിക സ്വത്തവകാശം ആപ്പിളില്‍ നിക്ഷിപ്തമാണ്.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ കമ്പനികള്‍ ആപ്പിളുമായി ചേര്‍ന്ന് ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്, റിപ്പോട്ടര്‍ട്ടുകള്‍ പറയുന്നു. ടൈറ്റന്‍ എഞ്ചിനീയറിംഗ് ആന്‍ഡ് ഓട്ടോമേഷന്‍ ലിമിറ്റഡ് (ടിഇഎഎല്‍), ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍, ഭാരത് ഫോര്‍ജ്, വിപ്രോ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
മൊത്തത്തില്‍ ഇന്ത്യയിലെ ഏകദേശം 35 കമ്പനികള്‍ ഉപകരണ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ലോജിസ്റ്റിക്‌സ് എളുപ്പമാക്കുന്നതിനും ലഭ്യത ഉറപ്പുവരുത്തുന്നതിനും ആപ്പിള്‍ കൂടുതല്‍ ഉപകരണ നിര്‍മ്മാതക്കള്‍ക്ക് സാങ്കേതിക പരിജ്ഞാനം നല്‍കും.
ചൈനീസ് നിയന്ത്രണങ്ങള്‍
ഫോക്സ്‌കോണ്‍, ടാറ്റ ഇലക്ട്രോണിക്സ്, ജാബില്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ ആപ്പിളിന്റെ പ്രധാന വിതരണക്കാരെ ചൈനയുടെ നിയന്ത്രണങ്ങള്‍ ബാധിച്ചു. യന്ത്രസാമഗ്രികളുടെ കയറ്റുമതി നിര്‍ത്തുക മാത്രമല്ല, ചില ഉപകരണ സ്ഥാപനങ്ങളോട് അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അടച്ചുപൂട്ടാനും ഈ ഇന്‍സ്റ്റാളേഷനുകളെ പിന്തുണയ്ക്കുന്ന ചൈനീസ് പ്രൊഫഷണലുകളെ തിരിച്ചുവിളിക്കാനും ചൈന ആവശ്യപ്പെട്ടു. ഇത് ആപ്പിളിന്റെ ഇന്ത്യയിലെ നിര്‍മ്മാണ പദ്ധതികള്‍ക്ക് ഗുരുതരമായ വെല്ലുവിളികളാണ് സൃഷ്ടിച്ചത്.
ഇതോടെ പ്രാദേശിക സോഴ്സിംഗിലും ഉപകരണങ്ങളുടെ മിനിയേച്ചറൈസേഷനിലും നിക്ഷേപം നടത്താന്‍ ആപ്പിള്‍ തയ്യാറായി. 2025 ഏപ്രിലില്‍, ഫോക്സ്‌കോണിന്റെ ഇന്ത്യന്‍ യൂണിറ്റ് ആപ്പിള്‍ ഓപ്പറേഷന്‍സ് ലിമിറ്റഡില്‍ നിന്ന് 33 മില്യണ്‍ ഡോളറിന്റെ യന്ത്രങ്ങളും 31.8 മില്യണ്‍ ഡോളറിന്റെ പ്രത്യേക ഉപകരണങ്ങളുമാണ് വാങ്ങിയത്. തമിഴ്നാട്ടിലെ പ്ലാന്റില്‍ ഐഫോണ്‍ 16 പ്രോ സീരീസ് നിര്‍മ്മിക്കുന്നതിനാവശ്യമായ ഉപകരണങ്ങളാണിവ.
മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍
ഐഫോണ്‍ നിര്‍മ്മാണത്തോടൊപ്പം മൂല്യവര്‍ദ്ധിത പ്രവര്‍ത്തനങ്ങളിലും ആപ്പിള്‍ സജീവമാണ്. ബാറ്ററികള്‍, ചാര്‍ജറുകള്‍, മെക്കാനിക്കല്‍ ഭാഗങ്ങള്‍, പാക്കേജിംഗ്, കേബിളുകള്‍, മറ്റ് ചെറിയ ഇനങ്ങള്‍ എന്നിവ ഉള്‍പ്പടെ നിലവില്‍ ഏകദേശം 20 ശതമാനം ഘടകങ്ങളും അസംബ്ലിംഗ് ജോലികളും കമ്പനി ഇന്ത്യയിലാണ് നിര്‍വഹിക്കുന്നത്. ഇത് 30-40 ശതമാനമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തെ പിന്തുണയ്ക്കുന്ന ഇസിഎംഎസ്2.0 സ്‌ക്കീമിന് കീഴില്‍ അണിനിരക്കാന്‍ അധികൃതര്‍ കമ്പനികളോടഭ്യര്‍ത്ഥിച്ചു.