
സ്വന്തമായി ഒരു ഐഫോൺ എന്ന സ്വപ്നവുമായി നടക്കുന്നവർക്ക് ‘മാസവാടകയ്ക്ക്’ അതു ഉപയോഗിക്കാനുള്ള അവസരമൊരുങ്ങുന്നു. ഒന്നുമുതൽ രണ്ടുവർഷത്തേക്കുവരെ ‘പാട്ടത്തിന്’ (ലീസ്) ഐഫോണുകൾ ലഭ്യമാക്കാനുള്ള പദ്ധതി ആപ്പിൾ അവതരിപ്പിച്ചു. ആപ്പിൾ വാച്ച്, മാക്സ്, ഐപാഡ് എന്നിവയ്ക്കും സമാന പ്ലാൻ വരും. ആപ്പിൾ വാച്ചിന് 1-2 വർഷത്തേക്കും മാക്കിനും ഐപാഡിനും 2-3 വർഷത്തേക്കുമുള്ള പ്ലാനാണ് പരിഗണനയിൽ.
വാടയ്ക്ക് ഐഫോൺ പദ്ധതി തുടക്കത്തിൽ അമേരിക്കയിലാണ് നടപ്പാക്കുന്നത്. 17.99 ഡോളർ (ഏകദേശം 1720 രൂപ) മുതലാണ് മാസവാടക. ‘ബയ് നൗ, പേ ലേറ്റർ’ വായ്പാക്കമ്പനിയായ ക്ലാർനയുമായി(Klarna) ചേർന്നാണ് ‘അപ്ഗ്രേഡ്’ എന്ന പദ്ധതി അവതരിപ്പിക്കുന്നത്.
ഉപഭോക്താവിന്റെ ക്രെഡിറ്റ് സ്കോർ പരിശോധിച്ച ശേഷമായിരിക്കും ഐഫോൺ നൽകുക.
ആഗോളതലത്തിലെ ചിപ് ക്ഷാമം ചൂണ്ടിക്കാട്ടി ആപ്പിൾ അടുത്തിടെ ഐപാഡ്, മാക് വില 100-1000 ഡോളർ കൂട്ടിയിരുന്നു. ഐഫോണുകളുടെ വിലയും ഈവർഷം കൂട്ടുമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ. ഇതേസമയം തന്നെ കുറഞ്ഞ ചെലവുള്ള ഐഫോൺ ലീസിങ് പദ്ധതി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ വിലവർധനയിൽനിന്ന് ഉപഭോക്തൃ ശ്രദ്ധമാറ്റാൻ ആപ്പിളിന് കഴിഞ്ഞേക്കുമെന്നും അവർ പറയുന്നു.
യുഎസിലും മറ്റ് ഒട്ടേറെ രാജ്യങ്ങളിലും കൂടുതൽ ഉപഭോക്താക്കളും തവണവ്യവസ്ഥയിലൂടെ പണമടച്ചാണ് ആപ്പിൾ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത്. കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനായി പുത്തൻ പദ്ധതികൾ നടപ്പാക്കുന്നതിന്റെ ഭാഗമാണ് അപ്ഗ്രേഡ് പദ്ധതി. നിലവിൽ ഓരോ ഐഫോണും ഉപഭോക്താവ് മാറ്റി പുതിയതു വാങ്ങുന്നത് ശരാശരി 4 വർഷം ഉപയോഗിച്ചശേഷമാണ്. അപ്ഗ്രേഡ് പദ്ധതി വരുന്നതോടെ ഈ കാലയളവ് കുറയ്ക്കാനാകുമെന്ന് ആപ്പിൾ കരുതുന്നു.
ലീസിങ് വഴി ഐഫോൺ വാങ്ങുന്നവർ കൃത്യം 2 വർഷം കഴിയുന്ന ദിവസം അതു തിരിച്ചേൽപ്പിക്കണം. 2 വർഷം ലീസിങ്ങിലൂടെ ഉപയോഗിച്ച ഫോൺ നിശ്ചിതതുക നൽകി സ്വന്തമാക്കാനും അവസരം ലഭിക്കും. അല്ലെങ്കിൽ അധികതുക നൽകി പുതിയ ഐഫോൺ വാങ്ങുകയും ചെയ്യാം.
∙ മാസവാടക മുടക്കിയാൽ പാട്ടക്കരാർ റദ്ദാകും. ഫോൺ തിരിച്ചേൽപ്പിക്കണം. അതേസമയം, കരാറിൽ ഏർപ്പെടാൻ ഡെപ്പോസിറ്റൊന്നും നൽകേണ്ടതില്ല.
∙ പ്രീമിയം ഫോണുകൾക്ക് മാസവാടക കൂടും. ഐഫോൺ 17 പ്രൊയ്ക്ക് 31.99 ഡോളറായിരിക്കും (3060 രൂപ) മാസം നൽകേണ്ടത്. ഒരു വർഷത്തെ പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ മാസവാടക 45.99 ഡോളറാകും (4415 രൂപ).
∙ യുഎസിലെ ‘അപ്ഗ്രേഡ്’ പദ്ധതി വിജയിച്ചാൽ ഇന്ത്യയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിലും അവതരിപ്പിച്ചേക്കും.






