ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ക്രിസില്‍വിദേശനാണ്യ കരുതല്‍ ശേഖരത്തില്‍ ഇടിവ്എൽപിജി സിലിണ്ടർ വില 2-ാം മാസവും കുറച്ച് എണ്ണക്കമ്പനികൾആഴക്കടലിൽ വൻ എണ്ണ പര്യവേഷണം: കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്പൊതുമേഖലാ ബാങ്ക് ലയനം: മെഗാ ബാങ്കുകൾ സൃഷ്ടിക്കാൻ കേന്ദ്രം

ഇന്ത്യയുടെ പുതിയ ആന്റി ട്രസ്റ്റ് പെനൽറ്റി നിയമത്തിനെതിരെ ആപ്പിൾ

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ആന്റി ട്രസ്റ്റ് പെനൽറ്റി നിയമം അനുസരിച്ച് 38 ബില്യൺ ഡോളർ പിഴ( ഏകദേശം 3.40 ലക്ഷം കോടി രൂപ) നൽകേണ്ടി വന്നേക്കാം എന്നതിനാൽ ഡൽഹി ഹൈക്കോടതിയിലേക്ക് നീങ്ങുകയാണ് ഐഫോൺ നിർമ്മാതാവ് ആപ്പിൾ എന്ന് റോയിട്ടേഴ്സ്.

കഴിഞ്ഞ വർഷം മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യയുടെ നിയമത്തിനെതിരെയുള്ള ആദ്യ കേസായിരിക്കും ഇത്. പുതിയ നിയമം പ്രകാരം രാജ്യത്തു പ്രവർത്തിക്കുന്ന കമ്പനികൾക്കെതിരെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് (സിസിഐ) പിഴ ചുമത്താൻ സാധിക്കും. കമ്പനികൾ ആഗോള തലത്തിൽ നേടുന്ന വരുമാനത്തിന് അനുസൃതമായി പിഴയിടാമെന്ന് പുതിയ നിയമം അനുശാസിക്കുന്നു.

എന്താണ് ആപ്പിൾ ചെയ്ത തെറ്റ്?
മാർക്കറ്റ് മേൽക്കോയ്മ ദുരുപോയോഗം ചെയ്യുന്ന കമ്പനികൾക്കെതിരെയാണ് സിസിഐ പിഴ ചുമത്തുക. ഇതിന് കമ്പനികൾ രാജ്യാന്തര തലത്തിൽ നേടുന്ന ടേൺഓവർ ആയിരിക്കും പരിഗണിക്കുക.

ഡേറ്റിങ് പ്ലാറ്റ്‌ഫോമായ ടിൻഡറിന്റെ (Tinder) പിന്നിൽ പ്രവർത്തിക്കുന്ന കമ്പനിയായ മാച്ച്, ചില ഇന്ത്യൻ സ്റ്റാർട്ട്അപ്പുകൾ എന്നിവ ആപ്പിളിനെതിരെ 2022 മുതൽ സിസിഐയെ സമീപിച്ചു വരികയായിരുന്നു. തുടർന്ന് സിസിഐ നടത്തിയ അന്വേഷണത്തിൽ ആപ്പിളിന്റെ ഭാഗത്ത് തെറ്റുണ്ട് എന്നു കണ്ടെത്തിയിരുന്നു.

മേൽക്കോയ്മ ദുരുപയോഗം ചെയ്തു എന്നും ഇല്ലെന്നും
ആപ്പ് മാർക്കറ്റിലും, ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഓഎസ് വഴിയും ആപ്പിൾ മേൽക്കോയ്മ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നായിരുന്നു സിസിഐ കണ്ടെത്തിയത്. എന്നാൽ അത്തരത്തിലൊരു വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് ആപ്പിളിന്റെ നിലപാട്. എന്നാൽ, ഇക്കാര്യത്തിൽ സിസിഐ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടിട്ടുമില്ല.

ആപ്പിൾ കോടതിയെ സമീപിക്കുന്നത് എന്തിനാണ്?
ആപ്പിൾ ഹൈക്കോടതിയിലേക്ക് എത്തുന്നത് ഓരോ കമ്പനിയും ആഗോള തലത്തിൽ നേടുന്ന വരുമാനത്തിന് അനുസരിച്ച് സിസിഐക്ക് പിഴ ചുമത്താൻ സാധിക്കും എന്ന നിയമത്തിന് എതിരെയാണ്.

കമ്പനി ഇന്ത്യയിൽ നിന്നു നേടുന്ന വരുമാനത്തിന് അനുസരിച്ച് സിസിഐ പിഴ ചുമത്തട്ടെ എന്നാണ് ആപ്പിൾ വാദിക്കാൻ പോകുന്നത്. ആപ്പിൾ കോടതിയിൽ സമർപ്പിക്കാനൊരുങ്ങുന്ന പരാതിയുടെ 545-ാം പേജിലാണ് ഇക്കാര്യം പറയുന്നതെന്നും അത് തങ്ങൾ വായിച്ചു എന്നും റോയിട്ടേഴ്സ് പറയുന്നു.

ഭരണഘടനാ വിരുദ്ധമെന്ന് ആപ്പിൾ
ആപ്പിളിന് പരമാവധി നൽകാവുന്ന പിഴ എന്നു പറയുന്നത് കമ്പനി ആഗോള തലത്തിൽ 2024 വരെയുള്ള മൂന്നു സാമ്പത്തിക വർഷം നേടിയ വരുമാനത്തിന്റെ ശരാശരിയുടെ 10 ശതമാനമാണ്. അത് ഏകദേശം 38 ബില്യൺ ഡോളർ വരുമെന്നാണ് കമ്പനി കോടതിയോട് പറയാൻ ഒരുങ്ങുന്നത്.

അത്തരം പിഴ യുക്തിപരമല്ലെന്നും, അത് ഭരണഘടനാ വിരുദ്ധമാണെന്നും ഒരു തരത്തിലും ആനുപാതികമല്ലെന്നും, ന്യായമേ അല്ലെന്നും ആപ്പിൾ വാദിക്കുന്നു.

പ്രതികരിക്കാതെ സിസിഐ
ആപ്പിളിന്റെ നീക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇതുവരെ സിസിഐ പ്രതികരിച്ചിട്ടില്ല.

യൂറോപ്യൻ യൂണിയനും
ഇത്തരത്തിൽ കമ്പനികൾ ആഗോള തലത്തിൽ നേടുന്ന വരുമാനത്തിന്റെ 10 ശതമാനം പിഴ നൽകണമെന്നാണ് അവരുടെ ആന്റി ട്രസ്റ്റ് നിയമത്തിൽ പറഞ്ഞിരിക്കുന്നത്. യൂറോപ്യൻ യൂണിയനിൽ ആപ്പിൾ ഉൽപന്നങ്ങൾ വിൽക്കുമ്പോൾ ഈ റിസ്ക് കമ്പനിക്കുണ്ട്. അതറിഞ്ഞു തന്നെയാണ് അവിടെ ആപ്പിൾ ബിസിനസ് നടത്തുന്നത്. എന്നാൽ, യൂറോപ്പിലെ വിറ്റുവരവ് ആപ്പിളിന് ഇന്ത്യയിൽ നിന്ന് ഇല്ലെന്നുള്ളതായിരിക്കാം കോടതിയെ സമീപിക്കാൻ ആപ്പിളിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന്.

സിസിഐ പുതിയ നിയമം ഉപയോഗിക്കുന്നതിനെതിരെ ആപ്പിൾ ആദ്യമായി പ്രതികരിച്ചത് നവംബർ 10ന് ആണ്. അത് ആന്റി ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് ആയിരുന്നില്ല. ഏകദേശം ഒരു പതിറ്റാണ്ടു മുമ്പ് ആപ്പിളിനെതിരെ കണ്ടെത്തിയ ഒരു പ്രശ്നത്തിന് പുതിയ നിയമം മുൻകാല പ്രാബല്യത്തോടെ കൊണ്ടുവരികയായിരുന്നു. അതിനാൽ തന്നെ, ഇക്കാര്യമൊക്കെ കോടതിയുടെ മുന്നിൽ കൊണ്ടുവരിക എന്നതല്ലാതെ തങ്ങൾക്കു മുന്നിൽ മറ്റു വഴികളില്ലെന്നും കമ്പനി വാദിക്കുന്നു.

ഇന്ത്യൻ മാർക്കറ്റിൽ ഗൂഗിളിന്റെ ആൻഡ്രോയിഡിനു വളരെ പിന്നിൽ നിൽക്കുന്ന ഒരു ‘ചെറിയ’ കമ്പനി മാത്രമാണ് തങ്ങളുടേത് എന്നും ആപ്പിളിന് അഭിപ്രായമുണ്ട്. എന്നാൽ, കഴിഞ്ഞ നാലു വർഷത്തിനിടയിൽ ആപ്പിളിന് നാലുമടങ്ങ് ഉപയോക്താക്കളെ ഇന്ത്യയിൽ കിട്ടിയിട്ടുണ്ടെന്ന് കൗണ്ടർപോയിന്റ് റീസേർച്ച് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ പുതിയ നിയമം പ്രകാരം ആഗോള തലത്തിലെ വരുമാനം പരിഗണിക്കാൻ സിസിഐക്ക് അവകാശമുണ്ടെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ആപ്പിളിന്റെ വാദം കോടതി ചെവിക്കൊണ്ടേക്കില്ലെന്നും, തങ്ങളുടെ വാദം ആപ്പിളിന് സമർത്ഥിക്കാനായേക്കില്ലെന്നുമാണ് നിയമ വിദഗ്ധർ പറയുന്നത്. ആപ്പിളിന്റെ കേസ് കോടതി ഡിസംബർ 3ന് പരിഗണിക്കും.

X
Top