
ചെന്നൈ: ദക്ഷിണേന്ത്യയില്‍ നിന്ന് മറ്റൊരു വിമാന കമ്പനിക്ക് കൂടി പറക്കാന്‍ അനുമതി ലഭിക്കുമെന്ന് സൂചനകള്‍. സിംഗപ്പൂര്‍ ആസ്ഥാനമായ എയര്‍ സഫയാണ് അനുമതി ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലെത്തിയത്. തമിഴ്‌നാട് കേന്ദ്രമാക്കിയാണ് കമ്പനിയുടെ പ്രവര്‍ത്തനം.
ഡയറക്ടര്‍ ജനറല്‍ ഓഫ് ഏവിയേഷന്റെ (ഡി.ജി.സി.എ) നോ ഒബ്ഷക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലെത്തിയെന്ന് കമ്പനി ലിങ്ക്ഡ്ഇനില്‍ പോസ്റ്റ് ചെയ്തു. ഡി.ജി.സി.എ അധികൃതരുമായുള്ള പ്രാഥമിക യോഗങ്ങള്‍ ഈ മാസം തന്നെ നടക്കുമെന്നും ജീവനക്കാര്‍ക്ക് എഴുതിയ കത്തില്‍ കമ്പനി അവകാശപ്പെടുന്നു.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ആധുനിക ഏവിയേഷന്‍ ഹബ്ബ് സ്ഥാപിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ക്കും ജീവനക്കാര്‍ക്കുമുള്ള പരിശീലനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണി, ഡിജിറ്റല്‍ ഏവിയേഷന്‍ സേവനങ്ങള്‍ എന്നിവക്കുള്ള കേന്ദ്രമായിരിക്കും ഇത്.
വിമാനക്കമ്പനികള്‍ക്കും ഈ രംഗത്തെ പ്രൊഫഷണലുകള്‍ക്കുമുള്ള പ്ലാറ്റ്‌ഫോമായിരിക്കും ഇതെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിന്റെ ഭാഗമായി ക്യാബിന്‍ ക്രൂ അടക്കമുള്ളവരുടെ റിക്രൂട്ട്‌മെന്റും കമ്പനി ആരംഭിച്ചിട്ടുണ്ട്. വിമാന സര്‍വീസിന് പുറമെ ഈ രംഗത്തെ മറ്റ് സേവനങ്ങള്‍ കൂടി നല്‍കാനുള്ള പദ്ധതി ഈ രംഗത്തെ മത്സരം വര്‍ധിപ്പിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം, കഴിഞ്ഞ വര്‍ഷം അനുമതി ലഭിച്ച മൂന്ന് വിമാനക്കമ്പനികള്‍ക്ക് ഇതുവരെയും സര്‍വീസ് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. സര്‍വീസ് നടത്താനുള്ള വിമാനങ്ങള്‍ ലഭ്യമല്ലാത്തതും എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമാണ് എയര്‍ കേരള, അല്‍ഹിന്ദ് എയര്‍, ശംഖ് എയര്‍ എന്നിവക്ക് തടസമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
12 മാസത്തേക്ക് ഒരു ചെറിയ വിമാനം വാടകക്ക് എടുക്കുന്നതിന് 200 കോടി രൂപയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ വേണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഈ സാഹചര്യത്തിലേക്കാണ് മറ്റൊരു വിമാനക്കമ്പനി കൂടി കടന്നുവരുന്നത്.
ഇതിനോടകം ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മൂന്ന് കമ്പനികള്‍ക്കും പ്രതിമാസം 1.5 കോടി രൂപയെങ്കിലും പ്രവര്‍ത്തന ചെലവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.