
തിരുവനന്തപുരം: കേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്തുന്നതിനും വിലയിരുത്തുന്നതിനുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഉന്നതതല വ്യവസായ സെമിനാര്‍ നടത്തുന്നു. കഴക്കൂട്ടം അല്‍ സാജ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന ‘വിഷന്‍ – കേരളം 2031’ സെമിനാര്‍ വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവ് ഇന്ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പൊതു വിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ബിപിസിഎല്‍സി എംഡി സഞ്ജയ് ഖന്ന പങ്കെടുക്കും.
കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍റ് കൊമേഴ്സ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ (കെ-ബിപ്), കിന്‍ഫ്ര എന്നിവയുമായി സഹകരിച്ചാണ് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ഏകദിന സെമിനാര്‍ നടത്തുന്നത്. 2031 ഓടെ കേരളത്തെ പുരോഗമനപരവും വികസിതവുമായ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 33 വിഷയങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ‘വിഷന്‍ 2031’ സെമിനാറുകളുടെ ഭാഗമായാണ് ‘വിഷന്‍ – കേരളം 2031’ സെമിനാര്‍. കഴിഞ്ഞ 10 വര്‍ഷത്തെ വ്യവസായ വകുപ്പിന്‍റെ നേട്ടങ്ങളെക്കുറിച്ചുള്ള അവതരണം വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് നടത്തും.
വ്യാവസായിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍, എംഎസ്എംഇ കള്‍, വ്യാവസായിക മേഖലയിലെ വൈവിധ്യവത്കരണം എന്നിവയില്‍ കേരളത്തിന്‍റെ പുരോഗതി ചിത്രീകരിക്കുന്ന അവതരണം സെമിനാറിനെ ശ്രദ്ധേയമാക്കും. കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഡിഐസി ഡയറക്ടറുമായ വിഷ്ണുരാജ് പി സ്വാഗത പ്രസംഗകനാകും. സെമിനാറില്‍ നിന്നുള്ള പ്രധാന ഉള്‍ക്കാഴ്ചകളും നിര്‍ദേശങ്ങളും സമന്വയിപ്പിക്കുന്ന സമാപന സമ്മേളനത്തില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ്, ഉപഭോക്തൃകാര്യ, നിയമ മെട്രോളജി വകുപ്പ് മന്ത്രി ജിആര്‍ അനില്‍, ധനകാര്യ മന്ത്രി കെഎന്‍ ബാലഗോപാല്‍, മന്ത്രി പി രാജീവ് എന്നിവര്‍ പങ്കെടുക്കും. കേരളത്തിന്‍റെ സാമ്പത്തിക, സാമൂഹിക മേഖലകളിലെ പുരോഗതിയും ഭാവി സാധ്യതകളും മുന്നില്‍ക്കണ്ട് വ്യാവസായിക ദര്‍ശനം രൂപപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലുകളിലൊന്നാണ് സെമിനാര്‍.
പാരിസ്ഥിതിക ഉത്തരവാദിത്തവും സാമൂഹിക തുല്യതയും ഉറപ്പാക്കുന്നതിനൊപ്പം വ്യാവസായിക വളര്‍ച്ച നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുന്നതിന് നയരൂപകര്‍ത്താക്കള്‍, വ്യവസായ പങ്കാളികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകള്‍ ഏകീകരിക്കാന്‍ സെമിനാറിലൂടെ സാധിക്കും. കേരളത്തെ വിജ്ഞാന- സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായ കേന്ദ്രമായി സ്ഥാപിക്കുക, സുസ്ഥിരതയും പ്രതിരോധശേഷിയും പ്രോത്സാഹിപ്പിക്കുക, ഗവേഷണം, സംരംഭകത്വം, തൊഴില്‍ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നിവയില്‍ ചര്‍ച്ചകള്‍ നടക്കും.
മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, ആഗോളതലത്തില്‍ മത്സരാധിഷ്ഠിത വ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കുക, അടിസ്ഥാന സൗകര്യങ്ങള്‍, നയങ്ങള്‍ തുടങ്ങിയവ പ്രയോജനപ്രദമാക്കുക എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമുണ്ടാകും. ഡിജിറ്റല്‍ സംവിധാനത്തിലേക്കുള്ള എംഎസ്എംഇകളുടെ മാറ്റം, ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുള്ള വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന സെഷനുകളുമുണ്ടാകും. പൊതുമേഖലാ സംരംഭങ്ങളില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുന്നതിനൊപ്പം പരമ്പരാഗത മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ക്ക് സെമിനാര്‍ വേദിയാകും.