
കൊച്ചി: രാജ്യത്ത് സ്വർണ വില നിർണയത്തിൽ അംഗീകൃതമായ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായ ചില പ്രവണതകൾ കാണുന്നുണ്ടെന്നും അതു സ്വർണവ്യാപാരത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന വിശ്വാസ്യതക്ക് പോറലുണ്ടാക്കുമെന്നും മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില, ഡോളറുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നീ മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രധാനമായും സ്വർണ വില നിശ്ചയിക്കുന്നത്.
കസ്റ്റംസ് തീരുവ നിശ്ചിത കാലത്തേക്ക് സ്ഥിരമാണ്. എന്നാൽ അന്താരാഷ്ട്ര സ്വർണ വിലയും ഇന്ത്യൻ രൂപയുടെ മൂല്യവും ചാഞ്ചാടിക്കൊണ്ടിരിക്കും. അതുകൊണ്ടാണ് ഓരോ ദിവസവും വില നിർണയിക്കുന്നത്. വില നിർണയം വിശ്വാസ്വതയോടെയും കൃത്യമായും നടത്തിവരുന്നത് ബിസിനസ് രംഗത്തെ അസോസിയേഷനുകളാണ്. രാവിലെ ഒമ്പതരയ്ക്ക് മുമ്പ് വില പ്രസിദ്ധപ്പെടുത്തും. വിപണിയിൽ അസാധാരണ മാറ്റങ്ങൾ സംഭവിക്കുന്ന വേളയിൽ മാത്രമേ ഒരു ദിവസം നടത്തിയ വില നിർണയത്തിൽ മാറ്റം വരുത്താറുള്ളു. എന്നാൽ, ചില സന്ദർഭങ്ങളിൽ ഒരു വിഭാഗം വ്യാപാരികൾ ഏകപക്ഷീയമായും നിലവിലുള്ള ധാരണക്ക് വിരുദ്ധമായും വില വർധിപ്പിക്കുന്ന പ്രവണത കാണുന്നുണ്ട്. അതിൻ്റെ കാരണം ഉപയോക്താക്കളോട് വിശദീകരിക്കാൻ പോലും അവർക്ക് കഴിയുന്നില്ല.
ഇത്തരം പ്രവണതകൾ വ്യാപാര മേഖലയിലെ വിശ്വാസ്യത തകർക്കും. ഉപയോക്താക്കൾ, നിക്ഷേപകർ, ഈ മേഖലയിൽ ജോലിചെയ്യുന്നവർ തുടങ്ങി എല്ലാവരിലും അത് ആശങ്ക ജനിപ്പിക്കും. അതുകൊണ്ട് ഇത്തരം പ്രവണതകളിൽ നിന്ന് മാറിനിൽക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർഥിക്കുന്നു. മലബാർ ഗോൾഡ് ആൻഡ് ഡയമൻഡ്സിനെ സംബന്ധിച്ച് ഉപയോക്താക്കളുടെ താത്പര്യമാണ് വലുത്. ബിസിനസ്സിൽ എല്ലാം സുതാര്യമായും നീതിപൂർവമായും നടക്കണം. വിവിധ സംസ്ഥാനങ്ങളിൽ വിവിധ വിലയ്ക്ക് സ്വർണം വിൽക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് ‘വൺ ഇന്ത്യ വൺ ഗോൾഡ് റേറ്റ്’ മലബാർ നടപ്പാക്കിയത്. കാരണം, എല്ലാ സംസ്ഥാനങ്ങളിലും നികുതി നിരക്ക് ഒരുപോലെയാണ്. അതിനാൽ, അന്താരാഷ്ട്ര വിലയെ അടിസ്ഥാനമാക്കി വില നിർണയിക്കുന്ന ഒരു ഉത്പന്നത്തിന് ഏകീകൃത വിലയായിരിക്കണമെന്നും എംപി അഹമ്മദ് പറഞ്ഞു.






