
സിലിക്കൺവാലി: വിപണി മൂല്യത്തില്‍ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള രണ്ടാമത്തെ കമ്പനിയായി മാറി ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റ്. 2019-ന് ശേഷം ആദ്യമായാണ് ആല്‍ഫബെറ്റ് ആപ്പിളിനെ മറികടന്ന് ഈ നേട്ടം സ്വന്തമാക്കുന്നത്. 3.88 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യം കൈവരിച്ചാണ് ആല്‍ഫബെറ്റ് ആപ്പിളിനെ മറികടന്നത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ആല്‍ഫബെറ്റിന്റെ ക്ലാസ് എ ഓഹരികള്‍ 2.45 ശതമാനം നേട്ടത്തോടെ 322.04 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 64.73 ശതമാനം നേട്ടം നല്‍കിയ ഈ ഓഹരി, സമാന മേഖലയിലെ മറ്റ് പല കമ്പനികളെക്കാളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ ആല്‍ഫബെറ്റ് നടത്തുന്ന വലിയ നിക്ഷേപങ്ങളും ജെമിനി മോഡലുകളുടെ വിജയവും നിക്ഷേപകര്‍ക്ക് കമ്പനിയിലുള്ള വിശ്വാസം വര്‍ധിപ്പിച്ചു. ഇതിനൊപ്പം ക്രോം ബ്രൗസറും ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റവും കൈവശം വയ്ക്കാന്‍ അനുവദിച്ചുകൊണ്ടുള്ള യുഎസ് കോടതി വിധിയും ആല്‍ഫബെറ്റിന്റെ ഓഹരി വില കുതിക്കാന്‍ കാരണമായി.
കമ്പനിയുടെ ക്ലൗഡ് കമ്പ്യൂട്ടിംഗ് വിഭാഗത്തില്‍ നിന്നുള്ള വരുമാനത്തിലുണ്ടായ വന്‍ വര്‍ധന ആല്‍ഫബെറ്റിന്റെ സാമ്പത്തിക കരുത്ത് കൂട്ടിയിട്ടുണ്ട്. വെറും 20 വര്‍ഷം മുന്‍പ് മാത്രം ഐപിഒ നടത്തിയ ഗൂഗിള്‍, വളരെ വേഗത്തിലാണ് 3 ലക്ഷം കോടി ഡോളര്‍ ക്ലബ്ബില്‍ ഇടംപിടിച്ച പ്രായം കുറഞ്ഞ കമ്പനിയായി മാറിയത്.
ആപ്പിളിന് തിരിച്ചടി
അതേസമയം, ദീര്‍ഘകാലമായി ആഗോള ഇക്വിറ്റി വിപണിയിലെ കരുത്തരായിരുന്ന ആപ്പിള്‍ (Apple Inc.) നിലവില്‍ 3.84 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യവുമായി മൂന്നാം സ്ഥാനത്താണ്. ആപ്പിളിന്റെ ഓഹരി വില 0.76 ശതമാനം ഇടിഞ്ഞ് 260.36 ഡോളറിലെത്തി. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ വെറും 7.49 ശതമാനം നേട്ടം മാത്രമാണ് കമ്പനിക്ക് കൈവരിക്കാനായത്.
ഐഫോണ്‍ വില്‍പ്പനയിലെ കുറവും ചൈനീസ് വിപണിയിലെ വെല്ലുവിളികളും ആപ്പിളിന്റെ വിപണി മൂല്യത്തെ ബാധിച്ചിട്ടുണ്ട്. ഇതോടെയാണ് ആപ്പിളിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആല്‍ഫബെറ്റ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
ഒന്നാം സ്ഥാനം വിടാതെ എന്‍വീഡിയ
ചിപ്പ് നിര്‍മ്മാണ രംഗത്തെ കരുത്തരായ എന്‍വിഡിയ (Nvidia) ആണ് നിലവില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലുണ്ടായ വന്‍ കുതിപ്പിനെത്തുടര്‍ന്ന് ജിപിയു ചിപ്പുകള്‍ക്ക് ലഭിച്ച മികച്ച ഡിമാന്‍ഡ് സെമികണ്ടക്ടര്‍ ഭീമന്മാരായ എന്‍വിഡിയയ്ക്ക് കരുത്തായി. നിലവില്‍ 4.59 ലക്ഷം കോടി ഡോളര്‍ വിപണി മൂല്യമാണ് കമ്പനിക്കുള്ളത്.
എന്‍വിഡിയയുടെ ഓഹരികള്‍ 1.07 ശതമാനം നേട്ടത്തോടെ 189.25 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കമ്പനിയുടെ ഓഹരി വിലയില്‍ 25.32 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.






