ഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്പെട്രോളിൽ ഉയർന്ന അളവിൽ എഥനോൾ; കരട് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യ

എയർ ഇന്ത്യയുടെ വരുമാനത്തിലും നഷ്‌ടത്തിലും വർധന

കൊച്ചി: കേന്ദ്രസർക്കാരിൽ നിന്ന് ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത വിമാനക്കമ്പനിയായ എയർ ഇന്ത്യ കഴിഞ്ഞ സാമ്പത്തികവർഷം (2021-22) വരുമാനത്തിൽ രേഖപ്പെടുത്തിയത് 64 ശതമാനം വളർച്ച. രജിസ്‌ട്രാർ ഒഫ് കമ്പനീസിന് സമർപ്പിച്ച റിപ്പോർട്ടിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. മുൻവർഷത്തെ 12,104 കോടി രൂപയിൽ നിന്ന് 19,815.9 കോടി രൂപയിലേക്കാണ് കഴിഞ്ഞവർഷം വരുമാനം കുതിച്ചത്.

അതേസമയം, എയർ ഇന്ത്യയുടെ നഷ്‌ടം കഴിഞ്ഞവർഷം 7,017.4 കോടി രൂപയിൽ നിന്ന് 9,556.5 കോടി രൂപയായി ഉയർന്നു. ഇക്കഴിഞ്ഞ ജനുവരിയിലാണ് എയർ ഇന്ത്യ ടാറ്റയുടെ തറവാട്ടിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് ചെലവ് ചുരുക്കി, വരുമാനം മെച്ചപ്പെടുത്താൻ കമ്പനി ഒട്ടേറെ നടപടികളെടുത്തു. ജീവനക്കാർക്ക് വി.ആർ.എസ്., ബോർഡംഗങ്ങളുടെ വേതനവും വിവിധ അലവൻസുകളും വെട്ടിക്കുറയ്ക്കൽ, ചർച്ചകളിലൂടെ പാട്ട (ലീസ്) പേമെന്റിൽ ഇളവ് നേടൽ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

കൊവിഡ് വ്യാപനം കുറയുകയും എയർ ഇന്ത്യയ്ക്ക് മികച്ച കരുത്തുള്ള അന്താരാഷ്‌ട്ര റൂട്ടുകളിൽ സർവീസുകൾ സജീവമാകുകയും ചെയ്‌തതും വരുമാന വർദ്ധനയ്ക്ക് വഴിതെളിച്ചു. കഴിഞ്ഞവർഷത്തെ പ്രവർത്തനഫലത്തിന്റെ മുന്തിയപങ്കും കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന കാലയളവിലേതാണ്.

സ്ഥിതി മെച്ചപ്പെട്ടാൽ വേതനവും അലവൻസുകളും പുനഃസ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് മെല്ലെ തുടക്കമിടുമെന്നും എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എയർ ഇന്ത്യയുടെ സി.ഇ.ഒയായി ജൂണിൽ സ്ഥാനമേറ്റ കാംപെൽ വിൽസണും പുതിയ പദ്ധതികളിലൂടെ എയർഇന്ത്യയെ ലാഭട്രാക്കിലേക്ക് ഉയർത്താനുള്ള ശ്രമത്തിലാണ്.

കഴിഞ്ഞവർഷം 80 ശതമാനം വളർച്ചയുമായി 1.15 കോടിയോളം യാത്രക്കാരെയാണ് എയർ ഇന്ത്യ കൈകാര്യം ചെയ്‌തത്. സീറ്റുകളുടെ ബുക്കിംഗ് അനുപാതം (ലോഡ് ഫാക്‌ടർ) 73.5 ശതമാനമായിരുന്നു. 73.6 ശതമാനവുമായി ഏറ്റവും വലിയ കമ്പനിയായ ഇൻഡിഗോ കൈകാര്യം ചെയ്‌തത് അഞ്ചുകോടി യാത്രക്കാരെ.

ടാറ്റാ ഗ്രൂപ്പിന് കീഴിലെ വിമാനക്കമ്പനികളായ എയർ ഇന്ത്യ, എയർ ഏഷ്യ ഇന്ത്യ, വിസ്‌താര എന്നിവയുടെ സംയുക്ത വിപണിവിഹിതം 20.6 ശതമാനമാണ്.

X
Top