
മുംബൈ: 2023ന്റെ ആദ്യ പകുതിയിൽ സർവിസ് ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ എയർ ഇന്ത്യ 12 വിമാനങ്ങൾ കൂടി പാട്ടത്തിനെടുക്കുന്നു.
ആറുവീതം വൈഡ് ബോഡി ബോയ്ങ് 777-300 ഇ.ആർ, നാരോബോഡി എയർബസ് എ 320 നിയോ വിമാനങ്ങളാണ് ഹ്രസ്വ-മധ്യ-ദീർഘദൂര അന്താരാഷ്ട്ര സർവിസിനായി ഉപയോഗിക്കുക.
2022 ജനുവരിയിൽ ടാറ്റ ഗ്രൂപ്, എയർ ഇന്ത്യ ഏറ്റെടുത്ത ശേഷം 42 വിമാനങ്ങൾ പാട്ടത്തിനെടുത്തിരുന്നു.
15 മാസത്തിനുള്ളിൽ ആഭ്യന്തര-അന്താരാഷ്ട്ര യാത്രക്കാരിൽ 30 ശതമാനം വിഹിതം സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സെപ്റ്റംബറിൽ 30 വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവിസിനെത്തിച്ചിരുന്നു.
പുതുതായി പാട്ടത്തിനെടുക്കുന്ന എ 320 നിയോ വിമാനങ്ങൾ ഹ്രസ്വ- മധ്യദൂര അന്താരാഷ്ട്ര സർവിസിനൊപ്പം ആഭ്യന്തര യാത്രക്കും ഉപയോഗിക്കുമെന്ന് എയർ ഇന്ത്യ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദീർഘകാലമായി സർവിസിന് ഉപയോഗിക്കാതിരുന്ന 19 വിമാനങ്ങൾ അറ്റകുറ്റപ്പണി പൂർത്തിയാക്കി സർവിസിന് എത്തിച്ചിരുന്നു. ഇത്തരത്തിലുള്ള ഒമ്പത് വിമാനങ്ങൾ കൂടി ഉടൻ പറന്നുതുടങ്ങും.
എയർ ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നും ആഭ്യന്തര- അന്താരാഷ്ട്ര റൂട്ടുകളിൽ കൂടുതൽ സാന്നിധ്യം അറിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായ കാംപെൽ വിൽസൺ പറഞ്ഞു.






