
ന്യൂഡല്‍ഹി: കേരളത്തില്‍ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സ്ഥാപിക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
സ്ഥലം നിര്‍ദേശിച്ചുകൊണ്ടുള്ള കേരളത്തിന്റെ ശുപാര്‍ശകൾ അംഗീകരിച്ചിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പര്‍വിന്‍ പവാര്‍ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ കിനാലൂര്‍, തിരുവനന്തപുരത്തെ കാട്ടാക്കട താലൂക്ക്, കോട്ടയം, എറണാകുളം എന്നിങ്ങനെ നാലു സ്ഥലങ്ങളാണ് എയിംസിനായി കേരളം മുന്നോട്ടുവെച്ചത്.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനപ്രകാരം 22 എയിംസുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ തുറക്കാൻ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ കേരളം പരിഗണനയിലില്ലെന്നും എം.കെ. രാഘവന്‍, ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എന്നിവരുടെ ചോദ്യത്തിന് കേന്ദ്രമന്ത്രി മറുപടിനൽകി.
കേരളത്തില്‍ എയിംസ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ഥലം നിര്‍ദേശിക്കാനുള്ള കേന്ദ്ര അറിയിപ്പിനെത്തുടര്‍ന്നാണ് നാലുജില്ലകള്‍ സംസ്ഥാനസര്‍ക്കാര്‍ നിര്‍ദേശിച്ചത്.
അനുവദിച്ചാല്‍ സ്ഥാപിക്കുക കിനാലൂരില്‍ ആയിരിക്കുമെന്നും അതിനായി വ്യവസായ വകുപ്പിന്റെ 200 ഏക്കര്‍ സ്ഥലം ലഭ്യമാക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് 2021 ഒക്ടോബറില്‍ പറഞ്ഞിരുന്നു. സ്ഥലം തയ്യാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിനു കത്തയച്ചിരുന്നു.
2021 ജൂലായ് 18-ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂര്‍ സന്ദര്‍ശിച്ചു. ഓഗസ്റ്റ് 14-ന് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലകിന്റെ നേതൃത്വത്തിലും 17-ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥര്‍ സ്ഥലപരിശോധന നടത്തി.
എയിംസിനായി ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന്റെ സാമ്പത്തികാനുമതി തേടിയതായി ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍തന്നെ 2022 നവംബറില്‍ കെ. മുരളീധരന്‍ എം.പി.ക്ക് മറുപടി നൽകിയിരുന്നു.