
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മ്മിക്കുന്നതിന് വഴിയൊരുക്കി കൊണ്ട് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍) റഷ്യയുടെ യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷനുമായി കൈകോര്‍ത്തു. ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രണ്ട് എഞ്ചിനുകളുള്ള വീതി കുറഞ്ഞ വിമാനമായ എസ്ജെ-100 ആണ് നിര്‍മിക്കുക. ഇതൊരു ഗെയിം ചേഞ്ചറാകുമെന്ന് ധാരണാപത്രം ഒപ്പിട്ട ശേഷം എച്ച്എഎല്‍ പ്രസ്താവനയില്‍ അറിയിച്ചു.
ധാരണാപത്രം അനുസരിച്ച്, ആഭ്യന്തര ഉപഭോക്താക്കള്‍ക്കായി വിമാനം നിര്‍മിക്കാനുള്ള അവകാശം എച്ച്എഎല്ലിന് ഉണ്ടായിരിക്കും.
നിലവില്‍, 200-ല്‍ അധികം എസ്‌ജെ-100 വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്, അവ 16-ല്‍ അധികം എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍ ഉപയോഗിക്കുന്നുമുണ്ട്. ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിക്ക് ഇതൊരു വഴിത്തിരിവാകുമെന്നാണ് എച്ച്എഎല്‍ അവകാശപ്പെടുന്നത്.
‘ഒരു സമ്പൂര്‍ണ്ണ യാത്രാവിമാനം ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യത്തെ സന്ദര്‍ഭം കൂടിയായിരിക്കും ഇത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ആഭ്യന്തര യാത്രകള്‍ക്കായി വ്യോമയാന മേഖലയ്ക്ക് 200-ല്‍ അധികം ഇത്തരം നാരോ-ബോഡി ജെറ്റുകള്‍ ആവശ്യമായി വരും. ‘സിവില്‍ ഏവിയേഷന്‍ മേഖലയില്‍ ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ഒരു ചുവടുവെപ്പാണിത്’ എച്ച്എഎല്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്റെ വെബ്സൈറ്റിലെ വിശദാംശങ്ങള്‍ അനുസരിച്ച്, എസ്ജെ-100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയും, കൂടാതെ 3,530 കിലോമീറ്റര്‍ ദൂരംവരെ പറക്കാനും കഴിയും.
കുറഞ്ഞ പ്രവര്‍ത്തനച്ചെലവും മൈനസ് 55 ഡിഗ്രി മുതല്‍ 45 ഡിഗ്രി വരെയുള്ള താപനിലയുള്ള എല്ലാ കാലാവസ്ഥാ മേഖലകളിലും പ്രവര്‍ത്തിക്കാനുള്ള കഴിവുമാണ് വിമാനത്തിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍.






