
മുംബൈ: വൈവിധ്യമാർന്ന കമ്പനിയായ അഡ്വെന്റ്സ് ഗ്രൂപ്പ് മംഗലാപുരം കെമിക്കൽസിനെ ചമ്പൽ ഫെർട്ടിലൈസേഴ്സിന് വിൽക്കാൻ സാധ്യത. സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് അഡ്വെന്റ്സ് ഗ്രൂപ്പ് വില്പന സാധ്യതകൾ പരിശോധിക്കുന്നത്. 2015-ൽ വിജയ് മല്യയുടെ യുബി ഗ്രൂപ്പിൽ നിന്നാണ് അഡ്വെന്റ്സ് ഗ്രൂപ്പ് മംഗലാപുരം കെമിക്കൽസിന്റെ 54 ശതമാനം ഓഹരികൾ സ്വന്തമാക്കിയത്.
ബിഎസ്ഇയിൽ വെള്ളിയാഴ്‌ച മംഗലാപുരം കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിന്റെ ഓഹരികൾ 0.57 ശതമാനത്തിന്റെ നേരിയ നഷ്ടത്തിൽ 122.60 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി ഏറ്റെടുക്കൽ നടന്നാൽ ചമ്പൽ ഫെർട്ടിലൈസേഴ്സിന് അവരുടെ പ്രവർത്തനം തെക്കൻ വിപണിയിലേക്ക് വ്യാപിപ്പിക്കാൻ ഇത് സഹായകരമാകും.
മംഗലാപുരം കെമിക്കൽസിന്റെ ചമ്പലിലേക്കുള്ള കൈമാറ്റം വിജയകരമാണെങ്കിൽ, വളം/അഗ്രി കെമിക്കൽസ് ബിസിനസിൽ അഡ്വെന്റ്സ് ഗ്രൂപ്പിന് സുവാരി, പരദീപ് ഫോസ്ഫേറ്റുകൾ എന്നി രണ്ട് ലിസ്റ്റ് ചെയ്ത കമ്പനികൾ മാത്രമേ ഉണ്ടാകൂ. അതേസമയം ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ മംഗലാപുരം കെമിക്കൽസും ചമ്പൽ ഫെർട്ടിലൈസേഴ്സും തയ്യാറായില്ല.
യൂറിയ, ഡി-അമോണിയം ഫോസ്ഫേറ്റ്, പൊട്ടാഷ്, ഗ്രാനേറ്റഡ് വളങ്ങൾ, മൈക്രോ ന്യൂട്രിയന്റുകൾ, സോയിൽ കണ്ടീഷണറുകൾ, പ്രത്യേക വളങ്ങൾ എന്നി ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രമുഖ കമ്പനിയാണ് മംഗളൂരു കെമിക്കൽസ്.





