
തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കുടിശിക വരുത്തിയവർക്ക് ഒറ്റത്തവണ തീർപ്പാക്കല്‍ പദ്ധതിയായ ആശ്വാസിലൂടെ കൂടുതല്‍ പലിശ ഇളവുകള്‍ അനുവദിച്ചു.
ഇതുസംബന്ധിച്ച സർക്കുലർ സഹകരണ സംഘം രജിസ്ട്രാർ കെ. ഇമ്പശേഖർ പുറത്തിറക്കി.
അഞ്ചു വർഷത്തിലേറെയായി കുടിശികയായ 50,000 രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശ പൂർണമായും ഒഴിവാക്കും. അഞ്ചു വർഷത്തില്‍ താഴെയുള്ള ഇതേ തുകയുടെ കുടിശികയ്ക്ക് 50 ശതമാനം പലിശ ഇളവും ലഭിക്കും.
50,000 മുതല്‍ 25 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് സംഘം, താലൂക്ക്, ജില്ലാ, സംസ്ഥാന തല സമിതികള്‍ വഴി വിവിധ തോതില്‍ പലിശ ഇളവ് അനുവദിക്കും.
ഗുരുതര രോഗം ബാധിച്ചവർക്കും പരമാവധി ഇളവ് നല്‍കി വായ്പാ ബാധ്യത അവസാനിപ്പിക്കാനും സർക്കുലറില്‍ നിർദേശിക്കുന്നു. താലൂക്ക് തല സമിതിയില്‍ എം.എല്‍.എമാരെയും ജില്ലാ തല സമിതിയില്‍ എം.എല്‍.എമാരെയും എം.പിമാരെയും ഉള്‍പ്പെടുത്തും. സംസ്ഥാന തല സമിതിയുടെ അദ്ധ്യക്ഷൻ സഹകരണ വകുപ്പ് മന്ത്രിയായിരിക്കും.
പലിശയിളവ് ലഭിക്കുന്നവർ
5 വർഷത്തിലേറെയായി കുടിശികയായ ₹50,000 വരെയുള്ള വായ്പക്കാരുടെ പലിശ പൂർണമായും ഒഴിവാക്കും.
5 വർഷത്തില്‍ താഴെയുള്ള ₹50,000 വരെയുള്ള കുടിശികയ്ക്ക് 50% പലിശ ഇളവ്.
അതിദാരിദ്ര്യ വിഭാഗത്തിലെ ₹1 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് പലിശ ഒഴിവാക്കും
ഗുരുതര രോഗം ബാധിച്ചവർക്കും പ്രത്യേക ഇളവിന് അവസരം.






