
ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി രംഗത്തേക്കും ബിസിനസ് സാന്നിധ്യം വ്യാപിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കേരളത്തിലും കോടികളുടെ പദ്ധതി ഒരുക്കും. നിലവിൽ ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും സമീപത്താകും ആദ്യം ഹോട്ടലുകള്‍ സ്ഥാപിക്കുന്നത്. 60 ഹോട്ടലുകളെങ്കിലും നിർമിക്കാനാണ് പ്ലാൻ.
∙ പദ്ധതി ഇങ്ങനെ
തിരുവനന്തപുരം ഉൾപ്പെടെ 8 വിമാനത്താവളങ്ങളാണ് നിലവിൽ അദാനി ഗ്രൂപ്പിന് കീഴിലുള്ളത്. 11 വിമാനത്താവളങ്ങള്‍ കൂടി ഏറ്റെടുക്കാനുള്ള നീക്കമുണ്ടെന്ന് കഴിഞ്ഞദിവസം അദാനി എയർപോർട്സ് ഡയറക്ടർ ജീത് അദാനി സ്ഥിരീകരിച്ചിരുന്നു. അദാനിയുടെ നിയന്ത്രണത്തിൽ അടുത്തിടെ പ്രവർത്തനം തുടങ്ങിയ നവി മുംബൈ വിമാനത്താവളത്തിലായിരിക്കും കൂടുതല്‍ ഹോട്ടലുകള്‍ വരുന്നത്. 15 ഹോട്ടലുകളെങ്കിലും ഇവിടെ വരും.
ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്ര ബ്രാൻഡുകളുടെ സഹരണവും അദാനി ഗ്രൂപ്പ് തേടും. നിലവിലുള്ള ഹോട്ടലുകള്‍ ഏറ്റെടുക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. മുംബൈ വിമാനത്താവളത്തിലേത് അടക്കം സഹാറ ഗ്രൂപ്പിന് കീഴിലുള്ള ചില ഹോട്ടലുകള്‍ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുമെന്നാണ് റിപ്പോർട്ട്. കടക്കെണിയിലായ ജെപി ഗ്രൂപ്പിന് കീഴിലുള്ള അഞ്ച് ഹോട്ടലുകള്‍ ഏറ്റെടുക്കാൻ ഇതിനോടകം അദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുമുണ്ട്.
∙ തിരുവനന്തപുരത്ത് വൻ നേട്ടം
136 കോടി രൂപ ചെലവിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ ആഡംബര ഹോട്ടൽ നിർമിക്കാൻ അദാനി ഗ്രൂപ്പിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അടുത്തിടെ അനുമതി നൽകിയിരുന്നു. വിമാനത്താവളത്തിന് മുന്നിലുള്ള പാർക്കിങ് ഏരിയയിലാണ് 240 മുറികളുള്ള ഹോട്ടൽ വരുന്നത്.
അഞ്ച് നിലകളിൽ ഹോട്ടലിനൊപ്പം കൺവെൻഷൻ സെന്ററുകളും വാണിജ്യ കേന്ദ്രവുമുണ്ടാകും. മൂന്ന് വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയായേക്കും.
വിമാനത്താവത്തിലെത്തുന്ന യാത്രക്കാർക്കും ജീവനക്കാർക്കും മികച്ച താമസ സൗകര്യം ഒരുക്കാൻ ഇതിലൂടെ കഴിയും. വിഴിഞ്ഞം തുറമുഖം ഇതിന് അടുത്തായതിനാൽ ക്രൂ ചേഞ്ച് അടക്കമുള്ള കാര്യങ്ങൾക്കും ഹോട്ടലിന്റെ സാന്നിധ്യം ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.
∙ പറക്കാനും ഷോപ്പിങ്ങിനും വിമാനത്താവളം
യാത്രാ ആവശ്യങ്ങള്‍ക്കപ്പുറം വിമാനത്താവളങ്ങളെ വാണിജ്യകേന്ദ്രങ്ങളായി വളർത്താനാണ് അദാനി ഗ്രൂപ്പ് ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. പാസഞ്ചർ ടെർമിനലിനൊപ്പം ഷോപ്പിങ് മാൾ, കൺവെൻഷൻ സെന്റർ, സിനിമാ തിയറ്ററുകൾ എന്നിവ കൂടി ഉൾപ്പെടുന്ന ഹോട്ടലുകൾ നിർമിക്കുമെന്ന് നേരത്തെ തന്നെ അദാനി ഗ്രൂപ്പ് നിക്ഷേപകരെ അറിയിച്ചിട്ടുണ്ട്. ഇതിനായി സിറ്റി സൈഡ് ഡവലപ്മെന്റ് പദ്ധതികളും ഗ്രൂപ്പ് പ്രഖ്യാപിച്ച് നടപ്പാക്കി വരുന്നു.
∙ 4.4 ലക്ഷം കോടിയുടെ വിപണി
ഇക്കൊല്ലത്തെ കണക്കുകൾ പ്രകാരം 30.78 ബില്യൻ ഡോളർ (ഏകദേശം 2.6 ലക്ഷം കോടി രൂപ) മൂല്യമുള്ള വിപണിയാണ് ഇന്ത്യയുടെ ഹോസ്പിറ്റാലിറ്റി മേഖല. പത്ത് വർഷത്തിനകം ഇത് 50 ബില്യൻ ഡോളറായി (4.4 ലക്ഷം കോടി രൂപ) വർധിക്കുമെന്നാണ് കരുതുന്നത്.
ആഭ്യന്തര ടൂറിസവും വിമാന യാത്രക്കാരുടെ എണ്ണവും വർധിച്ചത് ഈ മേഖലയിലെ വളർച്ചാ സാധ്യത വർധിപ്പിക്കുന്നു. അതേസമയം, ഹോസ്പിറ്റാലിറ്റി ബിസിനസിന് വേണ്ടി അദാനി ഗ്രൂപ്പ് പ്രത്യേകം കമ്പനി രൂപീകരിക്കുന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.





