
മുംബൈ: സ്വകാര്യ കമ്പനികള്‍ക്കും ആണവോർജ്ജ പ്ളാന്റുകള്‍ സ്ഥാപിക്കാൻ വഴിയൊരുക്കുന്ന ബില്‍ കേന്ദ്ര സർക്കാർ പാർലമെന്റില്‍ പാസാക്കിയിരിക്കുകയാണ്. സസ്‌ടെയ്‌നബിള്‍ ഹാർനെസിംഗ് ആന്റ് ആഡ്വാൻസ്‌മെന്റ് ഒഫ് ന്യൂക്ളിയർ എനർജി ഇൻ ഇന്ത്യ (ഇന്ത്യയിലെ ആണവോർജ്ജത്തിന്റെ സുസ്ഥിര ഉപയോഗവും പുരോഗതിയും, എസ്‌എച്ച്‌എഎൻടിഐ – ശാന്തി) ബില്‍ ആണ് കഴിഞ്ഞ ഡിസംബറില്‍ പാസാക്കിയത്.ഇതിനുപിന്നാലെ ആണവോർജ്ജ കമ്പനിക്ക് രൂപം നല്‍കിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്.
അദാനി പവറിന്റെ കീഴിലാണ് അദാനി ആറ്റമിക് എനർജി ലിമിറ്റഡ് (എഎഇല്‍) എന്ന കമ്പനി രൂപീകരിച്ചിരിക്കുന്നത്. പുതിയ കമ്പനിയെക്കുറിച്ച് സ്റ്റോക്ക് എക്‌സ്ചേഞ്ചുകളെ അദാനി ഗ്രൂപ്പ് അറിയിച്ചതായാണ് വിവരം.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സ്വകാര്യ സ്ഥാപനം ആണവോർജ്ജ കമ്പനി രൂപീകരിക്കുന്നത്. അഞ്ച് ലക്ഷം രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെയാണ് കമ്പനി ആണവോർജ്ജ രംഗത്ത് ചുവടുവച്ചിരിക്കുന്നത്. ഫെബ്രുവരി 11ന് ആണ് എഎഇഎല്‍ സ്ഥാപിതമായത്. കൂടാതെ സെൻട്രല്‍ രജിസ്ട്രേഷൻ സെന്ററില്‍ നിന്ന് ഇൻകോർപ്പറേഷൻ സർട്ടിഫിക്കറ്റും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
ശാന്തി ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ 1962-ലെ ആണവോർജ്ജ നിയമവും 2010-ലെ സിവില്‍ ആണവ ബാദ്ധ്യതാ നിയമവും അസാധുവാകും. സ്വകാര്യ കമ്പനികള്‍ കടന്നുവന്നാല്‍ രാജ്യത്തിന്റെ ഊർജ്ജ പ്രതിസന്ധി പരിഹരിക്കുന്നതിന് അത് വലിയ അളവില്‍ സഹായകമാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തല്‍. ശാന്തി ബില്‍ നിയമമാകുന്ന മുറയ്ക്ക് സ്വദേശത്തെയും വിദേശത്തെയും സ്വകാര്യ കമ്പനികള്‍ക്ക് ഈ മേഖലയില്‍ മുതല്‍ മുടക്കാനാവും.
ഇന്ത്യയ്ക്ക് മൊത്തത്തില്‍ ആവശ്യമായ വൈദ്യുതിയുടെ മൂന്ന് ശതമാനം മാത്രമാണ് ആണവ നിലയങ്ങളില്‍ നിന്ന് ഉത‌്‌പാദിപ്പിക്കുന്നത്. 2070-ഓടെ ലക്ഷ്യമിട്ടിരിക്കുന്ന കാർബണ്‍ പുറന്തള്ളല്‍ പൂർണമായും ഇല്ലാതാക്കുന്ന നെറ്റ് സീറോ ടാർഗറ്റ് കൈവരിക്കാൻ പൊതുമേഖലയുടെ പ്രയത്നംകൊണ്ടു മാത്രം കഴിയില്ല. ഇതാണ് സ്വകാര്യ മേഖലയ്ക്കു കൂടി പങ്കാളിത്തം നല്‍കുന്ന ആണവ നയം രൂപീകരിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
ഇപ്പോഴുള്ള 8.8 ഗിഗാ വാട്ടില്‍ നിന്ന് ആണവോർജ്ജ ഉത്‌പാദനം 2047-ഓടെ 100 ഗിഗാ വാട്ടായി ഉയർത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി കഴിഞ്ഞ ബഡ്‌ജറ്റില്‍ 20,000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
ഈ മേഖലയിലേക്ക് വിദേശ, സ്വദേശി സ്വകാര്യ കമ്പനികളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ആണവ ദുരന്തത്തില്‍, ആണവ സാമഗ്രി വിതരണം ചെയ്യുന്ന കമ്പനിക്കുള്ള ഉത്തരവാദിത്വം സംബന്ധിച്ച സിവില്‍ ആണവ ബാദ്ധ്യതാ നിയമത്തിലെ നിർണായക വ്യവസ്ഥ പുതിയ ബില്ലില്‍ ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ നടത്തിപ്പുകാർക്കെതിരെ ആണവ ബാദ്ധ്യതാ നിയമത്തിനു പുറമേ രാജ്യത്തെ മറ്റ് നിയമങ്ങളനുസരിച്ചും കേസിനു പോകാം. ഈ സാഹചര്യത്തെ വിദേശ കമ്പനികള്‍ ഭയന്നിരുന്നു. പുതിയ ‘ശാന്തി ബില്ലി’ല്‍ ഈ വ്യവസ്ഥ ഒഴിവാക്കിയത് കമ്പനികള്‍ക്ക് ഗുണകരമാകും. അമേരിക്ക ഇപ്പോള്‍ത്തന്നെ അവരുടെ കൂറ്റൻ ഡാറ്റാ സെന്ററുകള്‍ പ്രവർത്തിപ്പിക്കാൻ അറ്റോമിക് എനർജിയിലേക്ക് തിരിയുകയാണ്.
ഇന്ത്യയില്‍ ഭാവിയില്‍ ഉയർന്നുവരുന്ന ഡാറ്റാ സെന്ററുകള്‍ പ്രവർത്തിപ്പിക്കാൻ ആവശ്യമായ ആണവോർജ്ജം ലഭ്യമാക്കാൻ ആണവ നയത്തിലെ കാതലായ മാറ്റം ഉപകരിച്ചേക്കും.






