പുതിയ തൊഴിൽ നിയമം: സ്വകാര്യ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വൻ ബാധ്യതഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്സ്‌റ്റീല്‍ വില കുതിച്ചുയരുന്നുഅടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആളോഹരി വരുമാനം 4000 ഡോളറിൽ എത്തുമെന്ന് എസ്ബിഐഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഐഎംഎഫ്

സിമന്റിൽ വമ്പൻ ലയനം പ്രഖ്യാപിച്ച് അദാനി

മുംബൈ: അദാനി ഗ്രൂപ്പിലെ സിമന്റ് കമ്പനികളെല്ലാം ഇനി ഒറ്റക്കുടക്കീഴിലേക്ക്. എസിസി ലിമിറ്റഡ്, ഓറിയന്റ് സിമന്റ് ലിമിറ്റഡ് എന്നിവയുമായി ലയിക്കാൻ ഡയറക്ടർ ബോർഡ് അനുമതികൾ ലഭിച്ചതായി അംബുജ സിമന്റ്സ് ലിമിറ്റഡ് വ്യക്തമാക്കി.

ഇരു കമ്പനികളും അംബുജയിൽ ലയിക്കുകയാണ് ചെയ്യുക. ഇതോടെ, ഇന്ത്യയിലെ ഏറ്റവും വലിയ സമിന്റ് ഉൽപാദനക്കമ്പനികളിലൊന്നായി അംബുജ മാറും. വിപണിയിൽ മത്സരം ‘തീപാറും’.

ലയനനീക്കം ഇങ്ങനെ
ലയനത്തിന്റെ ഭാഗമായി ഓരോ 10 രൂപ മുഖവിലയുള്ള എസിസിയുടെ 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപവീതം മുഖവിലയുള്ള 328 ഓഹരികൾ യോഗ്യരായ ഓഹരി ഉടമകൾക്ക് കൈമാറും. ഇതുപോലെ, ഓറിയന്റിന്റെ ഓരോ രൂപ മുഖവിലയുള്ള 100 ഓഹരികൾക്ക് അംബുജയുടെ 2 രൂപ മുഖവിലയുള്ള 33 ഓഹരികളാകും കൈമാറുക.

നിലവിൽ അംബുജ സിമന്റ്സാണ് 1.33 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി ഇക്കൂട്ടത്തിലെ ഏറ്റവും വലിയ കമ്പനി. എസിസിക്ക് 33,347 കോടി രൂപ, ഓറിയന്റിന് 3,366 കോടി രൂപ എന്നിങ്ങനെയുമാണ് വിപണിമൂല്യം.

ലയിക്കാൻ സംഘിയും പെന്നയും
ലയനം പ്രവർത്തനമികവ് മെച്ചപ്പെടുത്തുമെന്നും ഉൽപാദനവും ചരക്കുനീക്കവും സുഗമമാക്കുമെന്നും അംബുജ സിമന്റ്സ് പ്രതികരിച്ചു. തീരുമാനങ്ങളെടുക്കൽ, ഉൽപാദനശേഷി വർധിപ്പിക്കൽ എന്നിവയ്ക്ക് ഒറ്റ പ്ലാറ്റ്ഫോം ഏറെ പ്രയോജനപ്പെടും. ബ്രാൻഡിങ്ങും കൂടുതൽ വിപണികളിലേക്കുള്ള പ്രവേശനവും എളുപ്പമാക്കാനും ചെലവുകൾ ചുരുക്കാനും കഴിയുമെന്ന് കമ്പനി കരുതുന്നു.

ലയിച്ച് ഒന്നാകുന്നതിലൂടെ ഓരോ മെട്രിക് ടൺ സിമന്റിനും അധികമായി കുറഞ്ഞത് 100 രൂപയുടെ ലാഭവും കമ്പനി ഉന്നംവയ്ക്കുന്നു. അദാനി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് സിമന്റ് കമ്പനികളായ പെന്ന സിമന്റ്, സംഘി ഇൻഡസ്ട്രീസ് എന്നിവയും അംബുജയിൽ ലയിക്കാനുള്ള നടപടികളിലാണ്. ഇവയെല്ലാം ഇനി ഒറ്റ കോർപറേറ്റ് സ്ഥാപനമായി മാറും.

അംബുജ+എസിസി+ഓറിയന്റ്
അടുത്ത ഒരുവർഷത്തിനകമാണ് ലയനം പൂർണമാവുക. നിലവിൽ അംബുജയുടെ ഉൽപാദനശേഷി വർഷം 107 മില്യൻ ടണ്ണാണ്. ഇത 2027-28ഓടെ 155 മില്യൻ ടണ്ണാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗവുമാണ് ലയനം. അംബുജയ്ക്ക് 24 പ്ലാന്റുകളും 22 ഗ്രൈൻഡിങ് യൂണിറ്റുകളുമുണ്ട്.

അതേസമയം ലയനം നടന്നാലും ‘അദാനി അംബുജ സിമന്റ്സ്’, ‘അദാനി എസിസി’ എന്നിവ അതത് വിപണികളിൽ ഇതേ ബ്രാൻഡ് നാമത്തിൽ തന്നെ എത്തുന്നത് തുടരും. വിപണിയിലെ ഏറ്റവും വലിയ കമ്പനിയായ അൾട്രടെക് സിമന്റുമായുള്ള മത്സരം ശക്തമാക്കാനും ലയനത്തിലൂടെ അദാനി സിമന്റ്സിന് കഴിയും.

നിലവിൽ അദാനിയുടെ കീഴിലെ സിമന്റ് കമ്പനികൾക്ക് രാജ്യത്തിന്റെ വിവിധ മേഖലകളിലായാണ് സ്വാധീനം. ലയിച്ച് ഒന്നാകുന്നതിലൂടെ അഖിലേന്ത്യാതലത്തിൽ ‘ഒറ്റ ബ്രാൻഡ്’ എന്ന സ്വാധീനം ഉറപ്പാക്കാൻ കഴിയും. ഇത് വളർച്ചയ്ക്ക് കരുത്താകുമെന്ന് കമ്പനി കരുതുന്നു.

അദാനിയുടെ ഏറ്റെടുക്കൽ
2022 മേയിൽ ആയിരുന്നു സ്വിസ് കമ്പനിയായ ഹോൾസിമിൽ നിന്ന് അംബുജ, എസിസി എന്നിവയുടെ നിയന്ത്രണ ഓഹരികൾ സ്വന്തമാക്കി അദാനി ഗ്രൂപ്പ് സിമന്റ് വിപണിയിലേക്ക് പ്രവേശിച്ചത്. 10.5 ബില്യൻ ഡോളറിന്റേതായിരുന്നു ഡീൽ.

ഇന്നലത്തെ വിനിമയനിരക്ക് പ്രകാരം ഏകദേശം 94,000 കോടി രൂപ. തുടർന്ന് 2024ൽ ആണ് 8,100 കോടി രൂപയ്ക്ക് ഓറിയന്റ് സിമന്റിന്റെ ഏറ്റെടുത്തത്.

X
Top