
മുംബൈ: ആദിത്യ ബിർള ക്യാപിറ്റൽ, ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ് എന്നിവയുടെ ബോർഡുകൾ അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ (എഡിഐഎ) അനുബന്ധ സ്ഥാപനത്തിൽ നിന്നുള്ള 665 കോടി രൂപയുടെ നിക്ഷേപത്തിന് അനുമതി നൽകിയതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു. നിക്ഷേപത്തിന്റെ ഭാഗമായി എഡിഐഎ കമ്പനിയുടെ 9.99 ശതമാനം ഓഹരികൾ ഏറ്റെടുക്കും.
ആദിത്യ ബിർള ക്യാപിറ്റൽ ലിമിറ്റഡും മൊമെന്റം മെട്രോപൊളിറ്റൻ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റും തമ്മിലുള്ള 51:49 സംയുക്ത സംരംഭമാണ് ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസ്, ദക്ഷിണാഫ്രിക്കൻ ആസ്ഥാനമായുള്ള മൊമന്റം മെട്രോപൊളിറ്റൻ ഹോൾഡിംഗ്‌സിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് മൊമെന്റം മെട്രോപൊളിറ്റൻ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ്.
ഇടപാടിന്റെ മൂല്യം ഏകദേശം 665 കോടി രൂപയാണ്, ഇടപാട് പൂർത്തിയാകുമ്പോൾ കമ്പനിയിൽ യഥാക്രമം എ.ഡി.ഐ.എയ്‌ക്ക് 9.99% ഓഹരിയും എബിസിഎല്ലിന് 45.91% ഓഹരിയും എംഎംഛ്ന് 44.10% ഓഹരിയും ഉണ്ടായിരിക്കും. ഇന്ത്യയിലെ ആരോഗ്യ ഇൻഷുറൻസ് വിപണിയിലെ വളർച്ചയ്ക്ക് ഈ മൂലധനം ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.
ആദിത്യ ബിർള ഹെൽത്ത് ഇൻഷുറൻസിന് 4800-ലധികം ശാഖകളിലൂടെയും 14 ബാങ്കാഷ്വറൻസ് പങ്കാളികളിലൂടെയും 68,000-ലധികം ഡയറക്ട് സെല്ലിംഗ് ഏജന്റുകളിലൂടെയും രാജ്യവ്യാപകമായി വിതരണ സാന്നിധ്യമുണ്ട്.