
മുംബൈ: കമ്പനി ആസൂത്രണം ചെയ്യുന്ന 400-500 മില്യൺ ഡോളറിന്റെ ധനസമാഹരണത്തിന്റെ ഭാഗമാകാൻ ബൈജൂസിന്റെ മാതൃ സ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡുമായി അബുദാബിയുടെ സോവറിൻ വെൽത്ത് ഫണ്ടുകൾ സജീവമായ ചർച്ചകൾ നടത്തിവരികയാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
എഡ്‌ടെക് കമ്പനിയിൽ 250-350 മില്യൺ ഡോളർ നിക്ഷേപിക്കുന്നതിനുള്ള വിപുലമായ ചർച്ചകൾ നടത്തിയിരുന്ന ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) നിർദിഷ്ട നിക്ഷേപ പദ്ധതി ഉപേക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. അതേസമയം 2021, 2022 സാമ്പത്തിക വർഷങ്ങളിലെ ഫലങ്ങൾ ബൈജൂസ് ഇതുവരെ ഫയൽ ചെയ്തിട്ടില്ല. എന്നാൽ സെപ്തംബർ 6-നകം ഔദ്യോഗിക ഓഡിറ്ററായ ഡെലോയിറ്റ് അംഗീകരിച്ച സാമ്പത്തിക ഫലങ്ങൾ കമ്പനി പുറത്ത് വിടാൻ സാധ്യതയുണ്ട്.
അബുദാബിയിലെ എഡിക്യു കഴിഞ്ഞ വർഷം മുതൽ കമ്പനിയിലെ നിക്ഷേപകനാണ്. കമ്പനി 350 മില്യൺ ഡോളർ സമാഹരിച്ചപ്പോൾ അതിലെ മുൻ നിര നിക്ഷേപകരിൽ ഒരാളായിരുന്നു എഡിക്യു. ലോകത്തിലെ ഏറ്റവും മൂല്യമുള്ള എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ നിലവിലെ മൂല്യം 16.5 ബില്യൺ ഡോളറാണ്.
സമാഹരിക്കുന്ന ഫണ്ട് വളർച്ചയ്ക്കും ഏറ്റെടുക്കലിനുമായി ഉപയോഗിക്കുമെന്ന് ബൈജൂസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ജനറൽ അറ്റ്‌ലാന്റിക്, സെക്വോയ ക്യാപിറ്റൽ, സോഫിന, സിപിപിഐബി, ബോണ്ട് ക്യാപിറ്റൽ, സിൽവർ ലേക്ക് മാനേജ്‌മെന്റ്, നാസ്‌പേഴ്‌സ് ലിമിറ്റഡ്, ടൈഗർ ഗ്ലോബൽ എന്നിവയുൾപ്പെടെ 70-ലധികം നിക്ഷേപകരിൽ നിന്ന് കമ്പനി ഇതുവരെ 6 ബില്യൺ ഡോളർ സമാഹരിച്ചിട്ടുണ്ട്.