
മുംബൈ: അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എന്റര്‍പ്രൈസസിലെ (എ.ഇ.എല്‍) ഓഹരി പങ്കാളിത്തം ഉയര്‍ത്തി അബുദബി ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി (ഐ.എച്ച്.സി). അദാനി എന്റര്‍പ്രൈസസിലെ ഓഹരി പങ്കാളിത്തം 5 ശതമാനത്തിലേറെയായാണ് വര്‍ധിപ്പിച്ചത്.
ഗ്രീന്‍ വൈറ്റാലിറ്റി എന്ന കമ്പനിയാണ് ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് അദാനി എന്റര്‍പ്രൈസസിന്റെ 163 കോടി രൂപ വരുന്ന 0.06% ഓഹരി സ്വന്തമാക്കിയത്.
ഈ കമ്പനി ഐ.എച്ച്.സിയുടെ രണ്ട് അനുബന്ധ സ്ഥാപനങ്ങളായ ഗ്രീന്‍ എന്റര്‍പ്രൈസസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗിനും ഗ്രീന്‍ എനര്‍ജി ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗിനും കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാണ്.
ഇതോടെയാണ് അദാനി എന്റര്‍പ്രൈസസില്‍ ഐ.എച്ച്.സിയുടെ മൊത്തം ഓഹരിപങ്കാളിത്തം 5.04 ശതമാനമായി ഉയര്‍ന്നത്.
യു.എ.ഇയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ഷെയ്ഖ് തഹ്നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ മേല്‍നോട്ടം വഹിക്കുന്ന ബിസിനസ് ഗ്രൂപ്പിന്റെ ഭാഗമാണ് ഐ.എച്ച്.സി.
അതേസമയം അടുത്തിടെയാണ് ഇതേ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് കമ്പനി അദാനി ഗ്രൂപ്പിന് കീഴിലെ അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ രണ്ട് കമ്പനികളിലുള്ള ഓഹരികള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ചത്.