
കൊച്ചി: സംഖ്യാ ശാസ്ത്രത്തിൽ സ്കൂൾ വിദ്യാർത്ഥികളുടെ അതുല്യമായ കഴിവുകൾ പ്രകടിപ്പിക്കുന്ന പതിനെട്ടാമത് എസ്എംഎ അബാക്കസ് നാഷണൽ ടാലന്റ് കോൺടെസ്റ്റ് നാളെ സെന്റ് തെരേസാസ് കോളേജിൽ നടക്കും. രാജ്യത്തെൻറെ വിവിധ ഭാഗങ്ങളിൽ നിന്നും 3,000-ൽ അധികം സ്കൂൾ വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുക്കും. കാൽക്കുലേറ്ററുകളെ പോലും മറികടക്കുന്ന ഗണിതശാസ്ത്ര മികവ് പരീക്ഷിക്കുന്ന മത്സരങ്ങൾ ഞായറാഴ്ച രാവിലെ 9.30 മുതലാണ് നടക്കുക. അബാക്കസ് മത്സരം, അബാക്കസ് സ്കിൽസ് ഡെമോൺസ്ട്രേഷൻ, 600 വർഷത്തെ കലണ്ടർ മെമ്മറി ടെക്നിക്, ക്യൂബ് മത്സരം, ഹൈ സ്പീഡ് അബാക്കസ് ഓറൽ മത്സരം എന്നിവ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടക്കും.
വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് എസ്എംഎ അബാക്കസ് ചെയർമാൻ സുരേഷ് ബാബു അറിയിച്ചു. അബാക്കസ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഉച്ച കഴിഞ്ഞ് 3 മണിക്ക് ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് ഓൺലൈനായി നിർവഹിക്കും. സിബിഎസ്ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടിപിഎം ഇബ്രാഹിം ഖാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുസാറ്റ് ഗണിത ശാസ്ത്ര വിഭാഗം മുൻ പ്രൊഫസർ ഡോ. അംബാട്ട് വിജയകുമാർ മുഖ്യാതിഥിയായിരികും.






