
ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള മെഡിക്കൽ ഇൻഷുറൻസ് കമ്പനികളുടെ ക്ലെയിമുകൾ ഏകീകരിക്കാൻ ദേശീയ ആരോഗ്യ അതോറിറ്റിക്ക് (എൻ.എച്ച്.എ.) കീഴിൽ ഏകജാലക പോർട്ടൽ വികസിപ്പിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം.
‘നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ച്’ എന്ന് പേരിട്ട പുതിയ പോർട്ടൽ രാജ്യത്തുടനീളമുള്ള 200-ലധികം ആശുപത്രികളെയും അമ്പതിലധികം മെഡിക്കൽ ഇൻഷുറൻസ് ദാതാക്കളെയും ഒരു കുടക്കീഴിലെത്തിക്കും.
ഇൻഷുറൻസ് ക്ലെയിമുകൾ വേഗത്തിൽ കൈകാര്യംചെയ്യാൻ ആശുപത്രികളെ സഹായിക്കുന്ന പോർട്ടൽവഴി രോഗികൾക്കും ക്ലെയിം വേഗത്തിൽ ലഭ്യമാക്കാൻ സാധിക്കും. ഒപ്പം ഭാവിയിൽ ഇൻഷുറൻസ് പ്രീമിയങ്ങൾ കുറയ്ക്കാനും സാധിക്കും.
ബി.ജെ.പി. സർക്കാർ വീണ്ടും അധികാരത്തിലെത്തുകയാണെങ്കിൽ നടപ്പാക്കാൻ നിശ്ചയിച്ച നൂറുദിനപദ്ധതികളിലൊന്നായാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
ആശുപത്രികൾ, ഇൻഷുറൻസ് ദാതാക്കൾ, ഇൻഷുറൻസ് റെഗുലേറ്ററായ ഐ.ആർ.ഡി.എ.ഐ. (ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ) എന്നിവരുമായി ആലോചിച്ചാണ് ഇത് വികസിപ്പിച്ചതെന്ന് ആരോഗ്യമന്ത്രാലയവൃത്തങ്ങൾ പ്രതികരിച്ചു.
നിലവിൽ, ഓരോ സ്വകാര്യ ഇൻഷുറൻസ് ദാതാക്കൾക്കും അവരുടേതായ പ്രത്യേക പോർട്ടലുകളാണുള്ളത്. അതിനുപകരം വിവിധ ഇൻഷുറൻസ് കമ്പനികൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു പൊതു േഡറ്റാശേഖരണ ഫോർമാറ്റാകും പുതിയ പോർട്ടൽ.
മൂന്നുമാസത്തിനുള്ളിൽ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നും മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
കോവിഡ് പ്രതിരോധകുത്തിവെപ്പിനായി ഉപയോഗിച്ച കോ-വിൻ മാതൃകയിൽ സർക്കാരിന്റെ പ്രതിരോധ കുത്തിവെപ്പുകളുമായി ബന്ധപ്പെട്ട് ഇ-വിൻ പോർട്ടൽ ആരംഭിക്കുന്നതും 100 ദിന കർമപരിപാടിയിലുണ്ട്.
ഒരു കുഞ്ഞ് ജനിക്കുമ്പോൾത്തന്നെ ഇ-വിൻ പോർട്ടലിൽ പേര് എന്റോൾ ചെയ്യാം. എല്ലാ പ്രതിരോധകുത്തിവെപ്പുകൾക്കും ഇ-വിൻവഴി രജിസ്റ്റർചെയ്യാം. സർട്ടിഫിക്കറ്റുകളും ഇ-വിൻവഴി ശേഖരിക്കാം.
ആരോഗ്യമന്ത്രാലയത്തിന്റെ ആഭാ എന്ന ഡിജിറ്റൽ ആരോഗ്യ അക്കൗണ്ട് വഴി ഇ-വിൻ സംവിധാനം അങ്കണവാടികളുമായും സ്കൂളുകളുമായും ബന്ധിപ്പിക്കും. അങ്ങനെ ജനനംമുതൽ കുട്ടികളുടെ ആരോഗ്യമാനദണ്ഡങ്ങൾ ഒരേ പ്ലാറ്റ്ഫോമിൽ രേഖപ്പെടുത്തും.
ബി.ജെ.പി. അധികാരത്തിലെത്തിയാൽ ഓഗസ്റ്റിലോ സെപ്റ്റംബറിലോ പദ്ധതി നടപ്പാക്കും. ദുരന്തങ്ങൾക്കും ആരോഗ്യ അടിയന്തര സാഹചര്യങ്ങൾക്കും ഉപയോഗിക്കാനുള്ള ഒരു പോർട്ടബിൾ മെഡിക്കൽ സെന്ററും ഓപ്പറേഷൻ തിയേറ്ററും സ്ഥാപിക്കുക എന്നതും നൂറുദിന കർമപദ്ധതിയിലുണ്ട്.






