
ന്യൂഡൽഹി: ഇന്‍ഷുറന്‍സെടുക്കുന്നതും പുതുക്കുന്നതും ക്ലെയിം ചെയ്യുന്നതും ഇനി കൂടുതല്‍ എളുപ്പമാകും. ഇതിനായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ) ബീമ സുഗം എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആരംഭിച്ചു.
എല്ലാ ഇന്‍ഷുറന്‍സ് സംബന്ധമായ കാര്യങ്ങളും ലഭ്യമായ പ്ലാറ്റ്‌ഫോമാണിത്. ലൈഫ്, ഹെല്‍ത്ത്, മോട്ടോര്‍ ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ പോളിസികളും ഇവിടെ താരതമ്യം ചെയ്യാനും വാങ്ങാനും കഴിയും. പോളിസി എടുക്കുക മാത്രമല്ല, ക്ലെയിം സെറ്റില്‍മെന്റും പോളിസി പുതുക്കലും ഈ പ്ലാറ്റ്ഫോം വഴി നടത്താന്‍ സാധിക്കും.
തുടക്കത്തില്‍, ഇന്‍ഷുറന്‍സ് സംബന്ധമായ വിവരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്ന ഒരു ഹബ്ബായിരിക്കും വെബ്‌സൈറ്റ്. ഇന്‍ഷുറന്‍സ് കമ്പനികളും മറ്റ് പങ്കാളികളും തങ്ങളുടെ സിസ്റ്റം പൂര്‍ണ്ണമായി പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കുന്ന മുറയ്ക്ക്, പോളിസി വാങ്ങല്‍, ക്ലെയിം സമര്‍പ്പിക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. ഒരു രാജ്യത്തെ മുഴുവന്‍ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ക്കും ഒറ്റ പ്ലാറ്റ്ഫോം എന്ന ആശയം ലോകത്ത് ആദ്യമാണ്.
ബീമ സുഗം ഔദ്യോഗികമായി പ്രഖ്യാപിച്ചെങ്കിലും ഉടന്‍ പ്രവര്‍ത്തനക്ഷമമാകില്ല. ഈ വര്‍ഷം ഡിസംബറോടെ പ്ലാറ്റ്ഫോമിന്റെ ആദ്യഘട്ടം പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷ ഉറപ്പാക്കിയും ഇന്‍ഷുറന്‍സ് കമ്പനികളുമായി പൂര്‍ണ്ണമായി ബന്ധിപ്പിച്ചും ഘട്ടം ഘട്ടമായാവും പ്ലാറ്റ്ഫോം മുഴുവന്‍ പ്രവര്‍ത്തനക്ഷമമാക്കുക.
ഉപഭോക്താക്കള്‍ക്ക് എന്താണ് പ്രയോജനം?
ഇന്‍ഷുറന്‍സ് പോളിസികള്‍ എളുപ്പത്തില്‍ താരതമ്യം ചെയ്യാനും തിരഞ്ഞെടുക്കാനും കഴിയും.
ഇന്‍ഷുറന്‍സ് എടുക്കുന്ന പ്രക്രിയ ലളിതമാകും.
ക്ലെയിം സമര്‍പ്പിക്കുന്നതും പോളിസി പുതുക്കുന്നതും എളുപ്പത്തില്‍ ചെയ്യാം.
ഇന്‍ഷുറന്‍സ് പോളിസികളുടെ വിവരങ്ങള്‍ സുതാര്യമായി ലഭിക്കും.
ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കും കമ്പനികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരേ പ്ലാറ്റ്ഫോമില്‍ ഒത്തുചേരാന്‍ സാധിക്കും.
സാധാരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുക എന്നതാണ് ബീമ സുഗമിന്റെ ലക്ഷ്യം.
ചെലവ് കുറഞ്ഞ സേവനം
സ്വകാര്യ ഇന്‍ഷുറന്‍സ് വിതരണക്കാരില്‍ നിന്ന് വ്യത്യസ്തമായി, ബീമ സുഗം ഉപഭോക്താക്കളില്‍ നിന്ന് വളരെ കുറഞ്ഞ നിരക്ക് മാത്രമേ ഈടാക്കുകയുള്ളൂ. ക്ലെയിം സെറ്റില്‍മെന്റ് പോലുള്ള സേവനങ്ങളും ബീമ സുഗം നല്‍കും.