
വൻതോതില്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തി ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകള്‍. ബൈനാൻസ്, വാസിർഎക്സ്, കോയിൻഡിസിഎക്സ്, കോയിൻ സ്വിച്ച് കുബേർ തുടങ്ങിയ എക്സ്ചേഞ്ചുകളാണ് 824.14 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയത്.
അതേസമയം, പിഴയും പലിശയും ഉള്‍പ്പടെ 122.29 കോടി രൂപമാത്രമാണ് ഇവരില്‍നിന്ന് ലഭിച്ചതെന്ന് പാർലമെന്റില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു.
ബൈനാൻസ് ഗ്രൂപ്പ് കമ്ബനിയാണ് ഏറ്റവും കൂടുതല്‍ തുകയുടെ വെട്ടിപ്പ് നടത്തിയത്. 722.43 കോടി രൂപയാണ് ഇവർ സർക്കാരിലേയ്ക്ക് അടയ്ക്കാനുള്ളത്. വാസിർ എക്സ് 40.51 കോടിയും കോയിൻഡിസിഎക്സ് 16.84 കോടിയും കോയിൻസ്വിച്ച് കുബേർ 14.13 കോടിയുമാണ് വെട്ടിപ്പുനടത്തിയത്.
ക്രിപ്റ്റോ ഇടപാടുകള്‍ക്ക് നിലവില്‍ 18 ശതമാനമാണ് ജിഎസ്ടി നല്‍കേണ്ടത്.
ഗിഫ്റ്റ് കാർഡുകളോ, വൗച്ചറുകളോ ഒഴികെയുള്ള ക്രിപ്റ്റോ ആസ്തികളെ വെർച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍(വിഡിഎ)-എന്നാണ് ആദായ നികുതി നിയമത്തിലെ വകുപ്പ് 2(47എ) പ്രകാരം തരംതിരിച്ചിട്ടുള്ളത്.
ക്രിപ്റ്റോകറൻസി ഇടപാടുകളില്‍നിന്നുള്ള നേട്ടത്തിന് 30 ശതമാനമാണ് നിലവില്‍ വ്യക്തികള്‍ ആദായ നികുതി നല്‍കേണ്ടത്. പ്രതിവർഷം 50,000 രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് സ്രോതസില്‍നിന്ന് (ഒരു ശതമാനം) നികുതി ഈടാക്കുകയും ചെയ്യും.
2023 മാർച്ചിന് ശേഷമാണ് ക്രിപ്റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ പിഎംഎല്‍എ നിയമത്തിന് കീഴില്‍ കൊണ്ടുവന്നത്. ഇതുപ്രകാരം ക്രിപ്റ്റോ എക്സ്ചേഞ്ചുകളും സേവനദാതാക്കളും ഇടപാടുകാരുടെ കൈവൈസി മാനദണ്ഡങ്ങള്‍ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. ഫിനാൻഷ്യല്‍ ഇന്റലിജൻസ് യൂണിറ്റിന്റെ നിരീക്ഷണത്തിലാണ് ഈ എക്സ്ചേഞ്ചുകള്‍.
47 വെർച്വല്‍ ഡിജിറ്റല്‍ അസറ്റ് സർവീസ് പ്രൊവൈഡർമാർ(വിഡിഎ എസ്പി)ആണ് ഫിനാൻഷ്യല്‍ ഇന്റലിജന്റ് യൂണിറ്റില്‍ 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ധനമന്ത്രാലയം അറിയിച്ചു.