
മുംബൈ: ജൂലായില്‍ അദാനി ഗ്രൂപ്പ് ഓഹരികളുടെ വില ഏഴ് ശതമാനം ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് 10 അദാനി ഓഹരികളുടെ വിപണിമൂല്യത്തില്‍ 71,575 കോടി രൂപയുടെ വര്‍ധനയുണ്ടായി. 10.8 ലക്ഷം കോടി രൂപയായാണ് അദാനി ഗ്രൂപ്പിന്റെ വിപണിമൂല്യം ഉയര്‍ന്നത്.
അദാനി ഗ്രീന്‍ എനര്‍ജിയാണ് ജൂലൈയില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്- 16 ശതമാനം. അദാനി ഗ്രൂപ്പിന്റെ സിമന്റ് കമ്പനികളായ എസിസിയും അംബുജാ സിമന്റ്‌സും യഥാക്രമം 11ഉം 9ഉം ശതമാനം ഉയര്‍ന്നു.
അദാനി പവറിന്റെ ഓഹരി വില 9 ശതമാനം ഉയര്‍ന്നപ്പോള്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്‌ഷിപ് കമ്പനിയായ അദാനി എന്റര്‍പ്രൈസസും ഗ്രൂപ്പില്‍ മിച്ചധനം ഏറ്റവും കൂടുതല്‍ കൈവശമുള്ള അദാനി പോര്‍ട്‌സും അഞ്ച് ശതമാനം വീതം നേട്ടമുണ്ടാക്കി.
ജനുവരിയില്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കനത്ത തകര്‍ച്ച നേരിട്ട അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങാന്‍ മ്യൂച്വല്‍ ഫണ്ടുകളും ചില്ലറ നിക്ഷേപകരും മുന്നോട്ടുവരുന്നതാണ് കഴിഞ്ഞ മാസങ്ങളില്‍ കണ്ടത്.
അദാനി ട്രാന്‍സ്‌മിഷന്‍, എസിസി, അദാനി ഗ്രീന്‍ എനര്‍ജി എന്നീ കമ്പനികളുടെ ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം പുറത്തുവന്നു. അദാനി ടോട്ടല്‍ ഗ്യാസിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടും.
അംബുജാ സിമന്റ്‌സ്, അദാനി പോര്‍ട്‌സ്, അദാനി എന്റര്‍പ്രൈസ് എന്നീ കമ്പനികളുടെ ത്രൈമാസ ഫലങ്ങള്‍ അടുത്ത ദിവസങ്ങളില്‍ പ്രസിദ്ധപ്പെടുത്തും.
ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ അദാനി ഗ്രൂപ്പിലെ പത്ത് ലിസ്റ്റഡ് കമ്പനികളില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏഴിലും ചില്ലറ നിക്ഷേപകര്‍ അഞ്ചിലും ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
അതേ സമയം വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ആറ് കമ്പനികളിലെ ഓഹരി പങ്കാളിത്തം കുറയ്‌ക്കുകയാണ് ചെയ്‌തത്.