എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് പൊതുമേഖലാ എണ്ണക്കമ്പനികൾകൊച്ചി മെട്രോയുടെ വായ്പയ്ക്ക് സര്‍ക്കാർ അനുമതി വൈകുന്നുഇന്ത്യയുടെ പ്രധാന കല്‍ക്കരി ദാതാവായി റഷ്യഇലക്ട്രോണിക്‌സ് പാര്‍ട്ട്‌സ് നിര്‍മ്മാണത്തിനായി 600 മില്യണ്‍ ഡോളര്‍ പദ്ധതി ആവിഷ്‌ക്കരിച്ച് ആന്ധ്ര പ്രദേശ്ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കാന്‍ തയ്യാറാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍

ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിനായി 6.64 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്‍റെ ഭാഗമാക്കുന്നതിനായി ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പദ്ധതിയുടെ വിപുലീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 6.64 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ഭാഗമായുള്ള വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനും തുടര്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് 6,64,99,621 രൂപ വകയിരുത്തിയിട്ടുള്ളത്.

ശാസ്ത്രീയവും സുസ്ഥിരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ തരത്തില്‍ ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൈത്തൊഴിലുകള്‍, കലകള്‍, കരകൗശല വിദ്യ, നാടന്‍ ഭക്ഷണം തുടങ്ങിയവയുമായി കോര്‍ത്തിണക്കി പ്രാദേശിക ജനവിഭാഗത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കുകയും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഇതിന്‍റെ ഭാഗമാകും.

എല്ലാ കാലാവസ്ഥ സീസണിലും സന്ദര്‍ശിക്കാന്‍ കഴിയാവുന്ന സ്ഥലമാക്കി കേരളത്തെ മാറ്റുന്നതില്‍ ഉത്തരവാദിത്ത ടൂറിസത്തിന് വലിയ പങ്കു വഹിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതിന് കൂടുതല്‍ പ്രോത്സാഹനമേകാനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പദ്ധതിക്കായി 1,81,09,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്.

ബേപ്പൂര്‍ ആര്‍ടി പദ്ധതി വികസനം (1,15,00,000 രൂപ), ആര്‍ടി മിഷന്‍ പ്രൊമോഷന്‍, മാര്‍ക്കറ്റിങ് (1,00,00,000 രൂപ), ആര്‍ടി മിഷന്‍ സൊസൈറ്റി 2024-25 രണ്ടം ഘട്ട വികസനം (90,99,381 രൂപ), പങ്കാളിത്ത വിനോദസഞ്ചാര പദ്ധതികളുടെ തുടര്‍ച്ച (50,00,000 രൂപ), ആര്‍ടി പരിശീലന പരിപാടി (38,10,000 രൂപ) എന്നീ പദ്ധതികള്‍ക്കായും തുക അനുവദിച്ചിട്ടുണ്ട്.

ഭരണ, പ്രവര്‍ത്തന ചെലവുകളുടെ ആദ്യഘട്ടത്തിനായി 89,81,240 രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.

വലിയപറമ്പ, ബേഡഡുക്ക, ധര്‍മ്മടം, പിണറായി, അഞ്ചരക്കണ്ടി, കടലുണ്ടി, കൂടരഞ്ഞി, കൂരാച്ചുണ്ട്, നെല്യാടി, ചേകാടി, തിരുനെല്ലി, നെല്ലിയാമ്പതി, തിരുവില്വാമല, തൃത്താല, പട്ടിത്തറ, മുഹമ്മ, ചെമ്പ്, കുമരകം, മറവന്‍തുരുത്ത്, കാന്തല്ലൂര്‍, വട്ടവട, ആറന്‍മുള, മണ്ട്രോതുരുത്ത്, അഞ്ചുതെങ്ങ്, സാമ്പ്രാണിക്കോടി, പനങ്ങാട്, വെള്ളറട, അമ്പൂരി, വിതുര എന്നിവ ആര്‍ടി പദ്ധതികളുടെ തുടര്‍നടപടികള്‍ ആസൂത്രണം ചെയ്ത സ്ഥലങ്ങളില്‍ ഉള്‍പ്പെടുന്നു.

ആര്‍ടി യൂണിറ്റ് പ്രതിനിധികള്‍, കമ്മ്യൂണിറ്റി ടൂര്‍ ലീഡര്‍, ഹോംസ്റ്റേകള്‍, ഫാം/അഗ്രി ടൂറിസം, സര്‍വീസ്ഡ് വില്ല, പാചകരീതി എന്നിവയിലുള്ള പരിശീലനത്തിനു പുറമേ കുമരകത്തെ ആര്‍ടി കേന്ദ്രത്തില്‍ വിനോദസഞ്ചാര മേഖലയില്‍ ഡിജിറ്റല്‍ വിപണനം സംയോജിപ്പിക്കുന്നതിനും നിര്‍മിത ബുദ്ധിയിലും പരിശീലനം നല്‍കും.

സുസ്ഥിര ടൂറിസം വികസനത്തോടൊപ്പം ടൂറിസം വ്യവസായത്തിന്‍റെ ഗുണഫലങ്ങള്‍ പ്രാദേശിക സമൂഹത്തിലേക്ക് കൂടി എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ ആരംഭിച്ചതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

ആര്‍ടിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിലൂടെ വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. ഇതോടെ കേരളം മുന്നോട്ടുവയ്ക്കുന്ന സുസ്ഥിര, അനുഭവവേദ്യ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാകും.

കേന്ദ്ര സര്‍ക്കാരിന്‍റെ മികച്ച റൂറല്‍ ടൂറിസം വില്ലേജ് അവാര്‍ഡില്‍ ഇത്തവണ ഉത്തരവാദിത്ത മിഷന് രണ്ട് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഉത്തരവാദിത്ത മിഷന്‍ പദ്ധതികള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയ കടലുണ്ടി ഗ്രാമപഞ്ചായത്തിന് ബെസ്റ്റ് റെസ്പോണ്‍സിബിള്‍ ടൂറിസം വില്ലേജ് അവാര്‍ഡും കുമരകം ഗ്രാമപഞ്ചായത്തിന് ബെസ്റ്റ് അഗ്രി ടൂറിസം വില്ലേജ് പുരസ്കാരവുമാണ് ലഭിച്ചത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിന് ബെസ്റ്റ് ടൂറിസം വില്ലേജ് പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ തവണ ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ സ്ട്രീറ്റ് പദ്ധതി നടപ്പാക്കിയ കാന്തല്ലൂരിന് സുവര്‍ണ്ണ പുരസ്കാരവും ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഗ്രാമം, കൃഷിയിടങ്ങള്‍, സാംസ്കാരിക ഉത്സവങ്ങള്‍, ഭക്ഷണശീലങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലേക്കും ഉത്തരവാദിത്ത ടൂറിസത്തിന്‍റെ പാക്കേജുകള്‍ സഞ്ചാരികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.

അറിയപ്പെടാത്ത പല സ്ഥലങ്ങളെയും ടൂറിസം മാപ്പിലേക്ക് കൊണ്ടുവരാന്‍ ഇതുവഴി സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിനു തന്നെ മാതൃകയായ കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം പദ്ധതി വിപുലപ്പെടുത്തുന്നത് സംസ്ഥാനത്തെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കാകെ ഗുണം ചെയ്യുമെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു.

2008ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം മിഷനില്‍ 25188 യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 17632 യൂണിറ്റുകള്‍ പൂര്‍ണ്ണമായും സ്ത്രീകളുടേതോ അല്ലെങ്കില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതോ ആണ്.

ഈ ഉദ്യമത്തിന് കൂടുതല്‍ ശക്തി പകരുന്നതിന് വേണ്ടിയാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിക്ക് 2023 ല്‍ രൂപം നല്‍കിയത്. ഈ പദ്ധതി വഴി 52344 പേര്‍ക്ക് നേരിട്ടും 98432 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചിട്ടുണ്ട്.

ഇതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശത്ത് നിന്നുള്ളവരാണ്. ഒന്നര ലക്ഷം ഗുണഭോക്താക്കളാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്.

X
Top