
എല്‍ജി ഇലക്‌ട്രോണിക്‌സ്, ടാറ്റാ കാപ്പിറ്റല്‍ എന്നീ വമ്പന്‍ ഐപിഒകള്‍ ലിസ്റ്റ് ചെയ്‌ത ഒക്‌ടോബറിനു ശേഷവും വലിയ ഐപിഒകളുടെ വിപണിയിലേക്കുള്ള വരവ് തുടരും. നവംബറില്‍ അഞ്ച് വലിയ ഐപിഒകളാണ് വിപണിയിലെത്താനിരിക്കുന്നത്. കണ്ണട വ്യാപാരികളായ ലെന്‍സ്‌കാര്‍ട്ടിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫര്‍ (ഐപിഒ) നവംബര്‍ ആദ്യവാരം നടക്കും. 8000 കോടി രൂപയാണ് ഐപിഒയിലൂടെ ലെന്‍സ്‌കാര്‍ട്ട് സമാഹരിക്കുന്നത്.
ടാറ്റാ കാപ്പിറ്റല്‍, എച്ച്‌ഡിബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എല്‍ജി ഇലക്‌ട്രോണിക്‌സ് ഇന്ത്യ എന്നിവയുടെ ഐപിഒകള്‍ക്കു ശേഷം ഈ വര്‍ഷം വിപണിയിലെത്തുന്ന നാലാമത്തെ വലിയ പബ്ലിക് ഇഷ്യുയായിരിക്കും ലെന്‍സ്‌കാര്‍ട്ടിന്റേത്.
നവംബര്‍ ആദ്യം ബ്രോക്കിംഗ് കമ്പനിയായ ഗ്രോയും ഐപിഒ നടത്തുന്നുണ്ട്. 7000 കോടി രൂപയാണ് ഐപിഒ വഴി ഗ്രോ സമാഹരിക്കുന്നത്. ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി 10,000 കോടി രൂപയുടെയും പൈന്‍ ലാബ്‌സ് 5800 കോടി രൂപയുടെയും ഐപിഒകളുമായാണ് നവംബറില്‍ എത്തുന്നത്.
ലൈഫ് സ്റ്റൈല്‍ ഇലക്‌ട്രോണിക്‌സ് ബ്രാന്റ് ആയ ബോട്ട് ഐപിഒ വഴി 2000 കോടി രൂപ സമാഹരിക്കും.