തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ചകിരി ലഭ്യത ഉറപ്പാക്കാൻ മൂന്ന് കോടി രൂപയുടെ സർക്കാർ പദ്ധതി വരുന്നൂ

ആലപ്പുഴ: സംസ്ഥാനത്ത് തേങ്ങയിടാൻ ആളെ കിട്ടാത്തത് മൂലം പ്രതിസന്ധിയിലായ നാളികേര കർഷകർക്ക് ആശ്വാസമായി പുതിയ സർക്കാർ പദ്ധതി. സർക്കാർ ചെലവിൽ തൊഴിലാളികൾ വീടുകളിലെത്തി തെങ്ങിൽ കയറി തേങ്ങ ഇറക്കുകയും നാളികേരം ഉടൻ തന്നെ പൊതിച്ച് വീട്ടുകാർക്ക് കൈമാറുകയും ചെയ്യും. ഇതോടൊപ്പം പച്ചത്തൊണ്ട് വിപണി നിരക്കിൽ ശേഖരിക്കും. തെങ്ങ് കയറ്റത്തിനായി വീട്ടുകാർക്ക് യാതൊരു കൂലിയും നൽകേണ്ടതില്ല. തൊണ്ട് സംഭരണം വർധിപ്പിക്കാനും നാളികേര ഉത്പാദകർ നേരിടുന്ന തൊഴിൽ ക്ഷാമം പരിഹരിക്കാനുമാണ് സംസ്ഥാന കയർ വകുപ്പ് പദ്ധതി ആവിഷ്കരിക്കുന്നത്. നാളികേര ഉത്പാദനം കൂടുതലുള്ള പ്രദേശങ്ങളിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത വർഷം മുതൽ ഇത് പ്രാവർത്തികമാക്കാനാണ് തീരുമാനം. ഇതിനായി അടുത്ത ബജറ്റിൽ മൂന്ന് കോടി രൂപ മാറ്റിവെക്കും.

പദ്ധതിയിലൂടെ സംസ്ഥാനത്തെ ചകിരി ഉത്പാദനം പ്രതിവർഷം 12 ലക്ഷം ടൺ എന്ന ലക്ഷ്യത്തിലേക്ക് ഉയർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കയർ വ്യവസായത്തിന് ആവശ്യമായ ചകിരിയുടെ ലഭ്യത സ്ഥിരപ്പെടുത്തുന്നതിനാണ് ഈ നീക്കം. കയർ വകുപ്പിന് കീഴിലുള്ള കയർ കോർപ്പറേഷൻ, കയർ സഹകരണ സംഘങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടുന്ന കൺസോർഷ്യത്തിനായിരിക്കും പദ്ധതിയുടെ നടത്തിപ്പും ഏകോപനവും. ശേഖരിക്കുന്ന പച്ചത്തൊണ്ട് സംസ്കരിക്കുന്നതിനായി പഞ്ചായത്ത് തലത്തിൽ ചകിരി ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും. നിലവിൽ നാളികേര ഉത്പാദനത്തിന്റെ വലിയൊരു ഭാഗം വീട്ടുപയോഗത്തിനായി മാറ്റിവയ്ക്കുന്നതാണ് തൊണ്ട് സംഭരണം ഫലപ്രദമാകാത്തതിന്റെ പ്രധാന കാരണം. വീട്ടുകാർ വിവിധ സമയങ്ങളിൽ പൊതിച്ച് കൂട്ടുന്ന തൊണ്ടുകളിൽ നിന്ന് ലഭിക്കുന്ന ചകിരിയേക്കാൾ ഗുണമേന്മ തേങ്ങയിടുന്ന സമയത്ത് തന്നെ ശേഖരിക്കുന്ന പച്ച തൊണ്ടുകളിൽ നിന്നാണ് ലഭിക്കുന്നത്. ഇതാണ് പുതിയ പദ്ധതിയുടെ അടിസ്ഥാന ആശയം.

X
Top